കൊച്ചി: കഴിഞ്ഞ അഞ്ചു വർഷമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാൻക്യൂർ ഫൌണ്ടേഷൻ നിലവിലുള്ള ഡയാലിസിസും പാലിയേറ്റീവ് സേവനവും വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പുതിയ കെട്ടിടത്തിന് കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ തറക്കല്ലിട്ടു. എം. എൽ. എ. കെ.എൻ. ഉണ്ണികൃഷ്ണൻ, ക്യാൻക്യൂർ പ്രസിഡന്റ് ഡോ . ജുനൈദ് റഹ്മാൻ, സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ, വൈസ് പ്രെസിഡന്റുമാരായ ഡോ. സി. എം. രാധാകൃഷ്ണൻ, ജെ. പോൾ രാജ്, എസ്. രാജ്മോഹൻ നായർ, ബിനേഷ് സുകുമാർ, സലീൽ ഗുപ്ത, സജി ചന്ദ്രൻ, ടി. സി. എസ്. കേരള മേധാവി ദിനേശ് തമ്പി, ഡിപി വേൾഡ് കൊച്ചി സി. ഇ. ഓ. ദിപിൻ കയ്യത്, അമൃത ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. എം. ബീന, റോട്ടറി ഗവർണ്ണർ ഡോ. ജി. എൻ. രമേഷ്, യു. എസ്. ടി ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
നാല് നിലകളിലായി പണിതുയർത്തുന്ന രണ്ടാമത്തെ കെട്ടിടത്തോടെ ഒരേ സമയം 25 രോഗികൾക്ക് ഡയാലിസിസും 100 കിടപ്പുരോഗികൾക്ക് ശുശ്രൂഷയും നല്കുവാനാകും. നിലവിൽ 13 ഡയാലിസിസ് കിടക്കകളും 40 പാലിയേറ്റീവ് കിടക്കകളും ക്യാൻക്യൂർ കേന്ദ്രത്തിലുണ്ട്. ഇത് പൂർണമായും രോഗികളാൽ നിറഞ്ഞതോടെ പുതുതായി വരുന്ന രോഗികളെ ഉൾകൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തെ കുറിച്ച് ചിന്തിച്ചതെന്ന് സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ പറഞ്ഞു. 2021-ൽ പ്രവർത്തനമാരംഭിച്ച ക്യാൻക്യൂർ കേന്ദ്രത്തിൽ ഒരു ദിവസം പോലും മുടക്കമില്ലാതെ ഡയാലിസിസ് ചികിത്സ നടത്തി വരികയാണ്. ഇന്ന് വരെ 16000 ത്തോളം സൗജന്യ ഡയാലിസിസ് ആണ് കേന്ദ്രത്തിൽ നിർധനരായ രോഗികൾക്ക് നൽകിയത്. പാലിയേറ്റീവ് സേവനം ആരോരുമില്ലാത്ത 200 ഓളം കിടപ്പു രോഗികൾക്ക് അത്താണിയായി. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്യുന്ന നിരാലംബരായ രോഗികളാണ് ക്യാൻക്യൂറിലെത്തുന്നത്. വ്യക്തികളുടെയും ബിസിനസ് പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ തികച്ചും സൗജന്യമായാണ് ഇവിടുത്തെ സേവനങ്ങൾ നൽകി വരുന്നത്.