കൊച്ചി: അഖിലേന്ത്യ തലത്തിൽ 22 ലക്ഷം വിദ്യാർഥികളുടെ ഭാവി പന്താടുകയും അവരുടെ മാതാപിതാക്കളെ നിരാശയിലാഴ്ത്തുകയും ചെയ്ത നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷാ ക്രമക്കേടുകൾ തുടർക്കഥയാക്കിയിരിക്കുകയാണ്. 2024ലെ നീറ്റ് യു.ജി പരീക്ഷയിലെ വൻ അഴിമതിയും കെടുകാര്യസ്ഥതയും അതിലും രൂക്ഷമായി ആവർത്തിച്ചിരിക്കുകയാണ്. മെയ് ആദ്യവാരം നടന്ന നീറ്റ് പരീക്ഷക്ക് മാസങ്ങൾ മുമ്പേ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യപേപ്പർ പ്രചരിച്ചിരുന്നെങ്കിലും അത് തിരിച്ചറിയാനൊ, നടപടികൾ സ്വീകരിക്കാനോ കഴിയാതെ, എൻട്രൻസ് കോച്ചിംഗ് ലോബിയുടെ സ്വാധീന വലയത്തിൽ എൻ.റ്റി.എ പെട്ടിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . പരീക്ഷ റദ്ദാക്കിയ ശേഷം പ്രഖ്യാപിച്ച സിബിഐ അന്വേഷണം പ്രഹസനമാണ് എന്നു പറയേണ്ടി വരുന്നു. 2024 ൽ പ്രഖ്യാപിച്ച സിബിഐ അന്വേഷണം എങ്ങും എത്തിയിട്ടില്ലാത്ത സാഹചര്യം നിലനിൽക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ധർമ്മം അല്പമെങ്കിലും ഉണ്ടെങ്കിൽ ഒരു നിമിഷം അമാന്തിക്കാതെ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം. സത്യം പുറത്തു കൊണ്ടുവരാനുള്ള ചുമതല കേന്ദ്ര ഗവണ്മെൻ്റിനുണ്ട്. രാജ്യത്തിൻ്റെ 22 ലക്ഷം കുട്ടികളുടെ ഭാവിയാണ് തുലാസിലാക്കിയിരിക്കുന്നത്. അവരുടെ രക്ഷാകർത്താക്കളുടെ മനക്ലേശവും ധനനഷ്ടവും വേറെ. 89 ചോദ്യപേപ്പർ ചോർച്ചകളുടെയും 48 പരീക്ഷാറദ്ദാക്കലുകളുടെയും കളങ്കിത ചരിത്രമുള്ള നാഷനൽ ടെസ്റ്റിങ്ങ് ഏജൻസിപൂർണമായി പിരിച്ചുവിട്ട്, പരീക്ഷ നടത്തിപ്പ് അതാത് സംസ്ഥാന സർക്കാരുകളെ തിരികെ ഏൽപ്പിക്കണമെന്നു ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ സംസ്ഥാന പ്രസിഡന്റ്
ഡോ.ജോർജ് ജോസഫും ജനറൽ സെക്ക്രട്ടറി അഡ്വ: ശാന്തി രാജും പ്രസ്താവനയിലൂടെ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.