കോതമംഗലം :കേരളാ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാനുമായിരുന്ന ടി.യു.കുരുവിള (89) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തേതുടര്‍ന്ന് അദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. വിദഗ്ദ ചികിത്സ തുടരുന്നതിനിടെ രോഗം മൂര്‍ഛിക്കുകയും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം നാളെ ചേലാട് സെന്‍റ് സ്റ്റീഫന്‍സ് ബസ് അനിയ വലിയപള്ളിയില്‍ നടത്തും. ഭാര്യ : ചിന്നമ്മ ഊഞ്ഞാപ്പാറ കല്ലുങ്കല്‍ കുടുബാഗം.മക്കള്‍ : റീന,ഡോ.രേണു,റെമി, ഡോ.രേഖ, എല്‍ദോ.മരുമക്കള്‍ : ഡോ.പോള്‍ ജേക്കബ് മാരേക്കാട്ട് പാമ്പാക്കുട, പരേതനായ പവ്വല്‍സ് കുര്യന്‍ കിളുത്താറ്റില്‍ കാക്കനാട്, തോമസ് മുത്തൂറ്റ് കോഴഞ്ചേരി, പരേതനായ സുദീപ് തോമസ് ജോണ്‍ പൈനുമൂട്ടില്‍ കോന്നി, റിതിക അസറിയ കോഴിക്കോട്.അരുനൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ-പൊതുപ്രവര്‍ത്തനത്തിനുടമയാണ് ടി.യു.കുരുവിള. 2006 ലും 2011 ലും അദേഹം കോതമംഗലത്തുനിന്ന് നിയമസഭയിലെത്തി. 2016 ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.2006 ല്‍ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായത്. കേരളാ കോണ്‍ഗ്രസിന്‍റെ ആദ്യകാലംമുതലുള്ള പ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏറെകാലവും പി.ജെ.ജോസഫിനൊപ്പം പ്രവര്‍ത്തിച്ചു. എം.എല്‍.എ.ആയതും മന്ത്രിയായതും ജോസഫ് വിഭാഗത്തിനൊപ്പമാണ്.1964 മുതല്‍ 1978 വരെ നീണ്ട പതിനാല് വര്‍ഷം കീരമ്പാറ പഞ്ചായത്തിന്‍റെ പ്രസിഡന്‍റായിരുന്നു. കീരമ്പാറ സഹകരണ ബാങ്കിന്‍റെ പ്രഥമ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.കോതമംഗലം മുനിസിപ്പാലിറ്റി രൂപീകരിച്ചപ്പോള്‍ പ്രഥമ കൗണ്‍സിലില്‍ അംഗമാകുകയും സ്റ്റാന്‍റിംഗ് കമ്മറ്റിചെയര്‍മാനാകുകയും ചെയ്തു. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ചെയര്‍മാനായും ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനായും റബ്ബര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കോതമംഗലം ബ്ലോക്ക് ഡവലപ്മെന്‍റ് കമ്മറ്റി ചെയര്‍മാന്‍, എറണാകുളം ജില്ലാ വികസന സമിതി ചെയര്‍മാന്‍ എന്നിവയും ടി.യു.കുരുവിള വഹിച്ചിട്ടുള്ള പദവികളാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല സമുദായ-വിദ്യാഭ്യാസ-സാസ്കാരിക-തൊഴില്‍മേഖലകളിലും ടി.യു.കുരുവിള നിറഞ്ഞുനിന്നിരുന്നു. യാക്കോബായ സഭയുടെ സെക്രട്ടറിയായി ഏറെകാലം പ്രവര്‍ത്തിച്ചു. സഭാ കേസ് നടത്തിപ്പിലും അദേഹം പങ്കുവഹിച്ചിട്ടുണ്ട്. യാക്കോബായ സഭ, സഭാവിശ്വാസിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ ബാര്‍ ഈത്തോ ശാറീറോ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് അദേഹം സ്വീകരിച്ചിട്ടുണ്ട്. ഷെവലിയാര്‍,കമാണ്ടര്‍ തുടങ്ങിയ പദവികളും സ്വന്തമായി. ഈ മൂന്ന് സ്ഥാനങ്ങള്‍ ഉള്ള സഭയിലെ ഏക വ്യക്തികൂടിയാണ് അദേഹം. സഭയുടെ നേതൃത്വത്തിലുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് അദേഹം സേവനം നല്‍കിയിട്ടുണ്ട്. ലയണ്‍സ് ഇന്‍റര്‍നാഷണലില്‍ ഏറ്റവുംകൂടുതല്‍കാലം പ്രവര്‍ത്തിച്ച അംഗമെന്ന ബഹുമതി കഴിഞ്ഞവര്‍ഷം അദേഹം സ്വ്ന്തമാക്കി.കാല്‍നൂറ്റാണ്ടോളം ബാംബു കോര്‍പ്പറേഷന്‍റെ ഈറ്റ കരാറുകാരനായിരുന്നു ടി.യു.കുരുവിള.പൂയംകുട്ടി,ഇടമലയാര്‍ വനങ്ങളില്‍ നിന്നുള്ള ഈറ്റശേഖരണത്തില്‍ അദേഹത്തിന്‍റെ കീഴില്‍ നൂറുകണക്കിന് പേരാണ് വര്‍ഷങ്ങളോളം തൊഴിലെടുത്തത്.ഇക്കാലയളവില്‍ ഒട്ടേറെ വെല്ലുവിളികളെ അദേഹം അതിജീവിച്ചു. വനങ്ങളുടെ മുക്കുംമൂലയും അദേഹത്തിന് നാടുപോലെ ചിരപരിചിതമായിരുന്നു.