കൊച്ചി: ചക്കരപ്പറമ്പ് ഡിവിഷനിലെ വെണ്ണല , മാടപാട്ട് റോഡ്, മൈത്രി റോഡ്, കുറ്റിക്കാട് ലെയിൻ, എ കെ. ജി വായനശാല റോഡ്, സൗഹാർദ നഗർ, ഹരിത റോഡ്, ശാന്തി നഗർ, കണിയാവേലി റോഡ് എന്നിവിടങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങിയെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അന്വേഷണത്തിന് ചുമതലപ്പെടുത്തണം. നഗരസഭ കൗൺസിലറെ കേൾക്കണം.
കുടിവെള്ള വിതരണം മുടങ്ങാനുള്ള കാരണങ്ങൾ കണ്ടെത്തണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

ജൂലൈ 14 ന് പത്തടിപ്പാലം പി ഡബ്ള്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ നേരിട്ട് ഹാജരായി വസ്തുതകൾ കമ്മീഷനെ ധരിപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.