കൊച്ചി: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മൈക്രോ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളർച്ചാസാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി ഉയർന്ന നിരയിലെ ബിസിനസ് മാതൃകകളിലേക്ക് ഉയർത്തുന്നതിനുമായി ‘പുനർജ്വാല’ ക്യാമ്പയിൻ നടപ്പിലാക്കുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സി.ഡി.എസുകളിലെയും മൈക്രോ സംരംഭങ്ങളുടെ നിലവിലെ പ്രവർത്തനാവസ്ഥ, വരുമാനം, സാമ്പത്തിക സുസ്ഥിരത, വിപണനരീതി, തൊഴിൽ സൃഷ്ടി, വളർച്ചാസാധ്യത, വെല്ലുവിളികൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തും. സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ആവശ്യമായ പിന്തുണയും വികസന പദ്ധതികളും നടപ്പിലാക്കും.

പ്രവർത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങൾക്ക് ബിസിനസ് കൗൺസിലിംഗ്, ഹാൻഡ്ഹോൾഡിംഗ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും. വളർച്ചാസാധ്യതയുള്ള സംരംഭങ്ങൾക്ക് ഉത്പാദന ശേഷി വർധിപ്പിക്കൽ, സേവന വ്യാപനം, ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡ് വികസനം, പുതിയ വിപണന സാധ്യതകൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ പ്രത്യേക പിന്തുണ നൽകും.
ജില്ലയിലെ കുടുംബശ്രീയുടെ ഫ്ലാഗ്ഷിപ്പ് സംരംഭങ്ങളായ ന്യൂട്രിമിക്സ് യൂണിറ്റുകൾ, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിൻ യൂണിറ്റുകൾ, സാന്ത്വനം യൂണിറ്റുകൾ, ജനകീയ ഹോട്ടലുകൾ, ഐ.ടി. യൂണിറ്റുകൾ, അപ്പാരൽ ക്ലസ്റ്ററുകൾ, ഇ-സേവാ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന ഗുണമേന്മയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രൊഫഷണൽ പിന്തുണ ഉറപ്പാക്കും.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ ക്ലസ്റ്റർ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാൻഡ് ശൃംഖല രൂപീകരണം, മൂല്യവർധിത ഉത്പാദനം എന്നിവയിലൂടെ ഹയർ ഓർഡർ സംരംഭങ്ങളാക്കി വളർത്തുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.