തിരുവനന്തപുരം: വിവിധങ്ങളായ പരിമിതികളെ അതിജീവിച്ചുകൊണ്ട് വിദ്യാഭ്യാസ കലാ കായിക തൊഴിൽ മേഖലയിൽ മുന്നേറ്റം നടത്തുന്ന ഭിന്നശേഷി സമൂഹത്തിന്റെ
അഭിമാനകരമായ അസ്തിത്വം ഉയർത്തിപ്പിടിക്കുവാൻ സർക്കാർ തലത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ പ്രസ്താവിച്ചു. ഭിന്നശേഷി കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർതൃ ക്ഷേമ സംഘടന തണൽ പരിവാർ സംസ്ഥാന കമ്മിറ്റി കേരള സർക്കാരിന് മുമ്പാകെ സമർപ്പിക്കുന്ന അവകാശപത്രിക സ്വീകരിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കളാൽ നേതൃത്വം കൊടുക്കുന്ന തണൽ പരിവാറിന്റെ പ്രവർത്തനം പൊതുസമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ ഭിന്നശേഷി സമൂഹത്തിനുവേണ്ടി പ്രത്യേകം പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് പുറമേ പൊതു വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ സർവകലാശാലകളുടെ കീഴിലും അനുബന്ധ സ്ഥാപനങ്ങളിലും പഠനം നടത്തുന്ന ബഹു ഭിന്നശേഷിത്വമുള്ള കുട്ടികൾക്കും പ്രത്യേക ഇളവുകളും പരിഗണനയും നൽകി വിദ്യാഭ്യാസവും തുടർന്ന് തൊഴിലും ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും തണൽപരിവാർ സംസ്ഥാന കമ്മിറ്റി അവകാശ പത്രിക യിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷി കുട്ടികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകുന്ന പഠന സ്കോളർഷിപ്പ് അമ്പതിനായിരം രൂപയായി ഉയർത്തണമെന്നും മൾട്ടിപ്പിൾ ഡിസേബിലിറ്റിയുള്ള ഭിന്നശേഷിക്കാരുടെ കുടുംബങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുകയും അല്ലെങ്കിൽ എൽ ഡി ക്ലാർക്ക് തുല്യമായ പ്രത്യേക ഗ്രാൻഡ് അനുവദിക്കണമെന്നും തണൽ പരിവാർ ആവശ്യപ്പെട്ടു. 21 വിഭാഗം ഭിന്നശേഷിക്കാർക്കും ആരോഗ്യ സുരക്ഷിതത്വ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയും സംസ്ഥാനത്ത് സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ വഴി ഭിന്നശേഷിക്കാരായ മുഴുവൻ കുടുംബങ്ങൾക്കും 75% ഇളവിൽ പരിധിയില്ലാതെ എല്ലാവിധ മരുന്നുകളും കേരള സർക്കാർ ലഭ്യമാക്കണമെന്നും ഭിന്നശേഷിക്കാരുടെ ബെഞ്ച് മാർക്ക് അനുസരിച്ച് പെൻഷനും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്നും അവകാശ പത്രികയിൽ ആവശ്യപ്പെട്ടു.കിടപ്പുരോഗികളായവരെ പരിചരിക്കുന്നവർക്ക് നൽകിവരുന്ന ആശ്വാസകിരണം പദ്ധതിക്ക് 100 കോടി രൂപ ബജറ്റിൽ അനുവദിച്ചത് അഭിനന്ദനാ ർഹമാണ്.ഇക്കാര്യത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയെ പ്രത്യേകം സംസ്ഥാന തണൽപരിവാർ കമ്മറ്റി അഭിനന്ദനം അറിയിച്ചു.ആവശ്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ പറഞ്ഞു.
പരമ്പരാഗത ശൈലിയിൽ കേരളത്തിൽ നടപ്പിലാക്കുന്ന പ്രാചീന ഭിന്നശേഷി പദ്ധതികൾക്ക് പകരം കാലഘട്ടത്തിനനുസൃതമായി ഭിന്നശേഷി ക്ഷേമ മേഖലയിൽ മൾട്ടിപ്പിൾ ഡിസബിലിറ്റി ഉള്ളവർക്ക് കൂടി പ്രയോജനകരമായ നൂതന കർമ്മ പദ്ധതികൾ ആവിഷ്കരിക്കുവാൻ വിശദമായ രൂപരേഖ നടപ്പാക്കണം എന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ടീം തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ, ട്രഷറർ രജനി രാജേഷ്, സംസ്ഥാന ഭാരവാഹികളായ എംപി മനോജ് ,ലിമി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ വസതിയിൽ എത്തിയാണ് അവകാശ പത്രിക സമർപ്പിച്ചത്.