കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് കൊച്ചി ലിസി മെഡിസിറ്റിയിൽ അത്യാധുനിക ബേൺസ് യൂണിറ്റിനും പ്ലാസ്റ്റിക് സർജറി ഒ.പി. വിഭാഗത്തിനും തുടക്കമായി. പുതിയ പ്രൊസീജ്യർ റൂമും പ്രവർത്തനസജ്ജമായതോടെ പൊള്ളലേറ്റ രോഗികൾക്കും പുനർനിർമാണ ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും കൂടുതൽ വേഗത്തിലും സമഗ്രമായും ചികിത്സ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളോടെയാണ് പുതിയ ബേൺസ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. പൊള്ളലേറ്റ രോഗികൾക്ക് അടിയന്തര ചികിത്സ, വിദഗ്ധ നിരീക്ഷണം, തുടർപരിചരണം എന്നിവ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. അതോടൊപ്പം പ്ലാസ്റ്റിക് സർജറി ഒ.പി.യും പ്രൊസീജ്യർ റൂമും ആരംഭിച്ചതോടെ പരിശോധനകളും ചെറിയ ശസ്ത്രക്രിയകളും കൂടുതൽ കാര്യക്ഷമമായി നടത്താനാകും.
ക്യാൻസർ ശസ്ത്രക്രിയകൾക്കുശേഷമുള്ള പുനർനിർമാണ ശസ്ത്രക്രിയകൾ, കൈകളിലെ പരിക്കുകൾക്കും വൈകല്യങ്ങൾക്കുമുള്ള ഹാൻഡ് സർജറി, മുച്ചിറി, അണ്ണാക്കിലെ പിളർപ്പ് തുടങ്ങിയ ജന്മനായുള്ള വൈകല്യങ്ങൾക്കുള്ള ശസ്ത്രക്രിയകൾ, അപകടങ്ങളെ തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകളുടെ പുനർനിർമാണ ചികിത്സ, മൈക്രോവാസ്കുലാർ സർജറി, കോസ്മെറ്റിക് സർജറി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ സേവനങ്ങൾ ഇനി ഈ വിഭാഗത്തിൽ ലഭ്യമാകും.
ലിസി മെഡിസിറ്റിയിലെ അത്യാധുനിക ബേണ്‍സ് യൂണിറ്റിന്റെയും പ്ലാസ്റ്റിക് സര്‍ജറി ഒ. പി യുടെയും, പുതിയ
പ്രൊസീജിയര്‍ റൂമിന്റെയും വെഞ്ചിരിപ്പും പ്രവര്‍ത്തനങ്ങളും ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍, സ്പിരിച്വല്‍ ഡയറക്ടര് ഫാ. മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.