കൊച്ചി: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ മൃഗസംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ജീവനം 2.0' കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ലൈവ്‌സ്റ്റോക്ക് ക്ലസ്റ്റർ ക്ഷേമ ക്യാമ്പുകൾ പുരോഗമിക്കുന്നു. മൃഗസംരക്ഷണ മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, ഉൽപ്പാദനച്ചെലവ് കുറയ്ക്കുക, കർഷകരുടെ വരുമാനവും ഉപജീവന സുരക്ഷയും ഉറപ്പാക്കുക, ലൈവ്‌സ്റ്റോക്ക് ക്ലസ്റ്ററുകളെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഗ്രാമീണ സി.ഡി.എസുകളിൽ ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുത്ത മികച്ച രണ്ട് ലൈവ്‌സ്റ്റോക്ക് ക്ലസ്റ്ററുകളിലും നഗര സി.ഡി.എസുകളിൽ മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിലും കർഷകരെ പങ്കെടുപ്പിച്ചാണ് ക്യാമ്പുകൾ നടക്കുന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ക്ഷീര വികസന വകുപ്പ്, ബാങ്കുകൾ, കുടുംബശ്രീ ഫിനാൻഷ്യൽ ഇൻക്ലൂഷൻ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ.
വെറ്റിനറി മെഡിക്കൽ ക്യാമ്പ്, കന്നുകാലി വാക്സിനേഷൻ, കിസാൻ ക്രെഡിറ്റ് കാർഡ് (KCC) ഡ്രൈവ്, ലോൺ മേള, ഇൻഫെർട്ടിലിറ്റി ക്യാമ്പ്, മാസ്റ്ററ്റിസ് പരിശോധന, ഡീവോർമിംഗ്, ബ്ലഡ് സ്മിയർ, ഫിക്കൽ സാമ്പിൾ സ്ക്രീനിംഗ് എന്നിവ ഉൾപ്പെടെ വിവിധ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നു. സൗജന്യ ചികിത്സ, ആരോഗ്യ പരിശോധന, രോഗനിർണയം, വിവിധ രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയും ക്യാമ്പുകളുടെ ഭാഗമാണ്. കിസാൻ ക്രെഡിറ്റ് കാർഡ്, ബാങ്ക് വായ്പാ പദ്ധതികൾ, കുടുംബശ്രീയുടെ ധനസഹായ പദ്ധതികൾ സംബന്ധിച്ച ബോധവൽക്കരണവും അപേക്ഷ സ്വീകരണവും നടക്കുന്നുണ്ട്.
വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒരേ വേദിയിൽ കർഷകർക്ക് ലഭ്യമാക്കി ലൈവ്‌സ്റ്റോക്ക് ക്ലസ്റ്റർ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനും കന്നുകാലി കർഷകരുടെ സുസ്ഥിര ഉപജീവനം ഉറപ്പാക്കുന്നതിനും ശാസ്ത്രീയ മൃഗസംരക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും 'ജീവനം 2.0' കാമ്പയിൻ എറണാകുളം ജില്ലയിൽ ശ്രദ്ധേയമായ ഇടപെടലായി മാറുകയാണ്.
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്ത ജില്ലാതല 'ജീവനം 2.0' കാമ്പയിന്റെ തുടർച്ചയായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലൈവ്‌സ്റ്റോക്ക് ക്ലസ്റ്റർ ക്ഷേമ ക്യാമ്പുകൾ പുരോഗമിക്കുന്നത്.