കരുണയുള്ള മനസ്സുകൾക്കേ സമൂഹത്തിൻ്റെ പ്രയാസങ്ങളെ കാണാൻ സാധിക്കു : വി . ഡി സതീശൻ
കൊച്ചി : ജനങ്ങളുടെ പ്രയാസങ്ങളെ തൊട്ടറിയാനും അത് പരിഹരിക്കാനും കരുണയുള്ള മനസ്സുകൾക്കേ സാധിക്കുകയുള്ളുവെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തി കേരള സർക്കാർ അത്തരം പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു . പുല്ലേപ്പടി കൊച്ചിൻ യത്തീംഖാനയിലെ പൂർവ്വ വിദ്യാർത്ഥികൾ (കൊറോസ ) സാധുക്കൾക്കായി നിർമ്മിച്ച് നൽകുന്ന ഭവന സമുച്ചയത്തിൻ്റെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് മാതൃകയും നന്മ പകരുന്നതുമായ പ്രവർത്തനമാണ് കൊറോസ എന്ന സംഘടനയിലൂടെ യത്തീംഖാനപൂർവ്വ വിദ്യാർത്ഥികൾ നടപ്പിലാക്കിയത്.പ്രായമായ ആളുകൾ സമൂഹത്തിൽ ഒറ്റപ്പെട്ട വിഭാഗമായി മാറുന്ന സാഹചര്യം കണക്കിലെടുത്ത് അവർക്കായി പ്രത്യേക വകുപ്പ് സർക്കാർ ഉണ്ടാക്കി അവർക്ക് സാന്ത്യനം നൽകാനുള്ള പദ്ധതി അടിയന്തിരമായി നടപ്പിലാക്കും. ഭവന രഹിതരും ചികിത്സാ പ്രയാസം അനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പാൻ സർക്കാർ കേരളത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാറുൽ ഉലൂം കോംപ്ലക്സ് മാനേജർ എച്ച് ഇ മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാൻ എം പി ,എം എൽ എ മാരായ ടി.ജെ വിനോദ് , മുഹമ്മദ് ഷിയാസ്, മേയർ വി.കെ മിനിമോൾ, ഡപ്യൂട്ടി മേയർ വി ആർ സുധീർ, ടി, കെ അഷ്‌റഫ്, എച്ച് ഇ അഹമ്മദ് താഹിർ സേട്ട്, നാസർ ലത്തീഫ് , റിയാസ് അഹമ്മദ് സേട്ട്, എം സലാഹുദ്ദീൻ മദനി, നൂർ മുഹമ്മദ് സേട്ട്, ടി പി എം ഇബ്രാഹിം ഖാൻ, എൻ പി താജുദ്ധീൻ, എം എം ബഷീർ മദനി, ലാജിദ് എസ് , ടി യു സാദത്ത്, റഹ് മത്തുല്ല സി പി , എസ് കെ ഹസ്സൻ, ഹലീമ ഇഖ്‌ബാൽ, സാജിത ബീവി, പി എ കുഞ്ഞുമുഹമ്മദ്, ടി എ സുധീർ എന്നിവർ പ്രസംഗിച്ചു. ആദ്യ ഘട്ടം 8 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കക്കിയത്.