​ കൊച്ചി : ജില്ലയിൽ ഓഗസ്റ്റ് 11 മുതൽ 15 വരെ നടക്കുന്ന എയർഫോഴ്സ് റിക്രൂട്ട്‌മെന്റ് റാലിയുടെ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയ 1,050 ഉദ്യോഗാർഥികളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്നത്.

​തൃക്കാക്കരയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ), എയർഫോഴ്സ് കേന്ദ്രം എന്നിവിടങ്ങളിലായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ കായികക്ഷമതാ പരിശോധനയും അഡാപ്റ്റബിലിറ്റി ടെസ്റ്റുകളും നടക്കുക.

റാലി സുഗമമായി നടത്തുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സുരക്ഷാ-അടിസ്ഥാന സൗകര്യങ്ങളും യോഗം ചർച്ച ചെയ്തു.

​കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ പ്രതിനിധികളും ജില്ലാ ഭരണകൂടത്തിലെയും മറ്റ് അനുബന്ധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.