കൊച്ചി: ലോക അവയവദാന ദിനമായ ആഗസ്റ്റ് 13ന് പുതു ഹൃദയവുമായി 13 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ശ്രുതി. 2013 ഓഗസ്റ്റിലാണ് ശ്രുതി എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തില്‍
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച
കോട്ടയം സ്വദേശി ലാലിച്ചന്‍റെ (ജോസഫ് മാത്യു) ഹൃദയമാണ് ഇപ്പോള്‍ ശ്രുതിയില്‍ മിടിക്കുന്നത്.
പിറവം ആരക്കുന്നം സ്വദേശിയായ ശ്രുതിക്ക് ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി
എന്ന അസുഖം ആയിരുന്നു. കൂടാതെ ജന്മനാ തന്നെ ഒരു കിഡ്നി മാത്രം ഉണ്ടായിരുന്ന ശ്രുതിക്ക് രക്തധമനികള്‍ ചുരുങ്ങുന്ന
ടക്കയാസു എന്ന അസുഖവും ഉണ്ടായിരുന്നു.
ടക്കയാസു അസുഖമുള്ള വ്യക്തിയില്‍ ഏഷ്യയില്‍ ആദ്യമായി നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു
ശ്രുതിയുടേത്.
പിറവത്തെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വ്യക്തികള്‍ ചേര്‍ന്നാണ് ശ്രുതിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്.
ചികിത്സക്കും വിശ്രമത്തിനും ശേഷം വിവിധ ജോലികള്‍ ചെയ്ത ശ്രുതി ഇപ്പോള്‍ സ്വന്തമായി ജ്വല്ലറി മേക്കിങ് എന്ന ശ്രമത്തിന്
പിന്നാലെയാണ്. ഓണ്‍ലൈന്‍ ആയി വാങ്ങുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷകമായ ആഭരണങ്ങള്‍ വിട്ടിലിരുന്ന് ശ്രുതി നിര്‍മ്മിക്കുന്നു. അത് വിപുലപ്പെടുത്തി സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുകയാണ് ശ്രുതിയുടെ സ്വപ്നം.
ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ജോയിന്‍റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്കര്‍ രംഗനാഥന്‍, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ്
തോമസ്, ഡോ.ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. പി മുരുകന്‍ , എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും ശ്രുതിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.