മാലിദ്വീപിന് തണലാകാന്‍ കേരളം

തിരുവനന്തപുരം: കേരളത്തിന്‍റെ തേക്കിന്‍ തൈകളും മാവിന്‍ തൈകളും ഇനി മാലിദ്വീപിലും. മാലിദ്വീപിന് മരങ്ങള്‍ സംഭാവന ചെയ്യുന്ന പരിപാടിയുടെ ഭാഗമാവുകയാണ് കേരളം. മാലിദ്വീപിലെ "5 million tree project" എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായാണ് മരത്തൈകൾ കൈമാറുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മാലിദ്വീപ് കോൺസുല്‍ ജനറല്‍ അമിനത്ത് ഷിഫാന മരത്തൈകള്‍ ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. താന്‍ ഏറെ സ്നേഹിക്കുന്ന കേരളത്തിന്‍റെ സ്നേഹസമ്മാനം ഏറ്റുവാങ്ങുന്നതില്‍ സവിശേഷമായ സന്തോഷമുണ്ടെന്ന് മാലിദ്വീപ് കോണ്‍സുല്‍ ജനറല്‍ അമിനത്ത് ഷിഫാന പറഞ്ഞു.


മാലിദ്വീപിന്‍റെ പാരിസ്ഥിതിക സുസ്ഥിരതയും തീരദേശ പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി 600 മാവിൻ തൈകളും, 600 തേക്കിൻ തൈകളുമാണ് കേരളം മാലിദ്വീപിന് സംഭാവന ചെയ്യുന്നത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നിന്നും ശേഖരിച്ച 600 ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളും, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിൽ നിന്നും ശേഖരിച്ച 600 തേക്കിൻ തൈകളും പ്രത്യേക കവറുകളിൽ തിരുവനന്തപുരം പൂജപ്പുര ജില്ലാ പെർമനന്റ്റ് നഴ്സറിയിൽ തയ്യാറാക്കിയിട്ടുണ്ട്.

സാമൂഹ്യ വനവല്‍ക്കരണവിഭാഗം മേധാവി ഡോ. പ്രമോദ് ജി കൃഷ്ണന്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സന്തോഷ് കുമാര്‍ ഡി, അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ സജു എസ് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.