കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പോലും ജാതി വെറി നിലനിൽക്കുന്നത് അപമാനകരമാണെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. ജാതിവിവേചനവും മതസ്പർദയും ആളിക്കത്തിക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് നിതിൻ രാജിൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ജാതി വെറിയും പീഡനവും മൂലം ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായത് കേരളത്തിനാകെ അപമാനമാണ്. ഉത്തരവാദികളായ അധ്യാപകർ ഭരണകൂടങ്ങളുടെ തണലിലാണ് ഇത്രയും നാൾ അഴിഞ്ഞാടിയത്. ഇത്തരം ജാതിക്കോമരങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്ക്കർ ജയന്തി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷിയാസ്. ജില്ലാ പ്രസിഡന്റ് എൻ കെ അനിൽകുമാർ അധ്യക്ഷനായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി നേതാക്കളായ പി കെ സുരേഷ് ബാബു, എ സി ചന്ദ്രൻ, എ കെ ശൈലേഷ്, ബിജു നികത്തിൽ, നീലാംബരൻ, ജോഷി തിട്ടയിൽ, എം കെ പങ്കാജാക്ഷൻ, സാനിജ, കെ വി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.