തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി അസോസിയേഷന്റെ (കെഎംഡിഐഎ) പ്രവർത്തനോദ്ഘാടനം ഹയാത്ത് റീജൻസിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തെ സാങ്കേതിക മാറ്റങ്ങൾ മെഡിക്കൽ ഉപകരണ വ്യവസായത്തിന് വലിയ അവസരങ്ങളാണ് തുറക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ നാനോടെക്നോളജി വരെ ചികിത്സയെയും രോഗനിർണയത്തെയും മാറ്റിമറിക്കുകയാണ്. സാങ്കേതികവിദ്യയും അറിവും നിരന്തരം പുതുക്കുകയും ലോകവിപണിയുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ സർക്കാർ നയങ്ങളും മുന്നോട്ടുള്ള സാധ്യതകളും വിശദീകരിച്ചു. ‘മേക്ക് ഇൻ കേരള’ മെഡിക്കൽ സാങ്കേതികവിദ്യയുടെ വിശ്വസ്ത ആഗോള നാമമാക്കി മാറ്റാനുള്ള കെഎംഡിഐഎയുടെ കാഴ്ചപ്പാട് പ്രസിഡന്റ് തോമസ് ജോൺ അവതരിപ്പിച്ചു. കെഎംഡിഐഎ പ്രസിഡന്റ് തോമസ് ജോൺ; സെക്രട്ടറി ടി.സി. ജയശങ്കർ, ഡോ. സതീഷ് കുമാർ സി.എസ് , സിഇഒ ,കെഎംഡിഐഎ; കെഎംടിസി സ്പെഷ്യൽ ഓഫീസർ സി. പത്മകുമാർ, കെഎംഡിഐഎ ട്രഷറർ ബിനു അഗസ്റ്റിൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

കെഎംഡിഐഎ സ്ട്രാറ്റജിക് റോഡ്മാപ്പ് 2026-2031 വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പുറത്തിറക്കി. സംസ്ഥാനത്തെ മെഡിക്കൽ ഉപകരണ ഉൽപാദനം നിലവിലെ ₹6,500-7,500 കോടിയിൽനിന്ന് 2031-ഓടെ ₹25,000 കോടിയിലേറെയായി ഉയർത്തുന്നതിനുള്ള കർമപദ്ധതിയാണ് റോഡ്മാപ്പെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്ര-സാങ്കേതിക മികവും സംരംഭകശേഷിയും വലിയ തോതിലുള്ള ഉൽപാദനത്തിലേക്കും നിക്ഷേപത്തിലേക്കും മാറ്റാൻ സർക്കാർ-വ്യവസായ സഹകരണത്തിന് കഴിയണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കെഎംഡിഐഎയുടെ ത്രൈമാസ പ്രസിദ്ധീകരണമായ ‘മെഡ്ടെക് പൾസ്’ ആദ്യ ലക്കം പുറത്തിറക്കി.
സ്ഥാപിത കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഒരുപോലെ വളരാൻ കഴിയുന്ന സംയോജിത വ്യവസായാന്തരീക്ഷം സൃഷ്ടിക്കുകയാണ് കെഎംഡിഐഎയുടെ ദൗത്യമെന്ന് പ്രസിഡൻ്റ് തോമസ് ജോൺ പറഞ്ഞു.