കൊച്ചി: റോബോട്ടിക്സ്, സെറാമിക്സ് ഉൾപ്പെടെയുള്ള പുതിയ ഇംപ്ലാന്റ് വസ്തുക്കൾ, നൂതന ശസ്ത്രക്രിയാ രീതികൾ, ബയോളജിക്സ് എന്നിവ സന്ധിമാറ്റിവയ്ക്കൽ ചികിത്സയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചർച്ച ചെയ്ത് രണ്ടാമത് പ്ലസ് ഓർത്തോ സമ്മിറ്റ് ദേശീയ സമ്മേളനം കൊച്ചി ഗ്രാൻഡ് ഹയാത്തിൽ തുടക്കമായി.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ജോയിന്റ് റീപ്ലേസ്മെന്റ് വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ഇടുപ്പ്, കാൽമുട്ട് സന്ധികളുടെ ചികിത്സ കൂടുതൽ കൃത്യവും രോഗിക്ക് അനുയോജ്യവുമാക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ വിലയിരുത്തും.

പ്രമുഖ കാൽമുട്ട് ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. വിജയ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ രോഗിയുടെ സ്വന്തം അസ്ഥി പരമാവധി സംരക്ഷിക്കുന്നതിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മാറ്റിവച്ച സന്ധിക്ക് ചുറ്റും പിന്നീട് ഒടിവുണ്ടാകുന്ന ചില രോഗികളിൽ പുനസ്ഥാപന രീതികളും കൃത്യമായ ശസ്ത്രക്രിയാ ആസൂത്രണവും ഉപയോഗിച്ച് നിലവിലുള്ള ഇംപ്ലാന്റ് നിലനിർത്താനാകും. വലിയ പുനർനിർമാണ ശസ്ത്രക്രിയ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. വിജയ മോഹൻ, ഡോ.
ഗുരവ റെഡ്ഡി, പ്രൊഫ. മൈക്കൽ വാഗ്നർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
കാൽമുട്ട്, ഇടുപ്പ് സന്ധിമാറ്റിവയ്ക്കലിലെ നാവിഗേഷൻ, ഷോർട്ട്-സ്റ്റെം ഹിപ് ഇംപ്ലാന്റുകൾ, സെറാമിക്സ്, കൃത്രിമ സന്ധികൾക്ക് ചുറ്റുമുള്ള സങ്കീർണ ഒടിവുകൾ എന്നിവയ്ക്കും പ്രത്യേക സെഷനുകളുണ്ട്.

ജർമനി, ഇറ്റലി, സാൻ മറീനോ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഫാക്കൽറ്റിക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
......................................................