തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയതിനു അച്ചൻകോവിലിലെ രണ്ട് റേഷൻ കടകളുടെ ലൈസൻസ് സസ്പെപെൻ്റ് ചെയ്തു.

പരാതി ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി അനൂപ് ജേക്കബ്, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണു നടപടി.

ഒരു റേഷൻ കടയിൽ നടന്ന ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഭക്ഷ്യ വകുപ്പ് ഗൗരവമായാണു എടുത്തിരിക്കുന്നത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തും.


വനപ്രദേശത്തിനകത്ത് സ്ഥിതിചെയ്യുന്ന അച്ചൻകോവിൽ പ്രദേശത്ത് രണ്ട് റേഷൻ കടകളാണു പ്രവർത്തിച്ചുവരുന്നത്.

ഇതിൽ ഉൾപ്പെട്ട ഒരു റേഷൻ കടയിൽ സ്റ്റോക്ക് കുറവും കേടായഅരിയും മുൻപ് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷമായി ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇപ്രകാരം സസ്പെൻഡ് ചെയ്ത് അറ്റാച്ച് ചെയ്ത് പ്രവർത്തിക്കുന്ന കടകളിൽ ഒന്നിലാണ് വീണ്ടും ഭക്ഷ്യ ധാന്യങ്ങൾ കേടായ നിലയിൽ കണ്ടെത്തിയത്.

ഒരു ലൈസൻസിയുടെ മേൽനോട്ടത്തിൽ രണ്ടു കടകളും ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്


First-In-First-Out (FIFO) രീതിയിൽ വിതരണം ചെയ്യാതിരുന്നതിനെ തുടർന്നാണ് ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിൽ കുറവ് സംഭവിക്കുകയും ഒരു ഭാഗം കേടാകുകയും ചെയ്തതെന്ന് പരിശോധനയിൽ കണ്ടെത്തി.


ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ 4850 കിലോഗ്രാമിലധികം ഭക്ഷ്യധാന്യ സ്റ്റോക്ക് കേടായ നിലയിൽ കണ്ടെത്തിയതായും 2760 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കിൽ വ്യത്യാസമുള്ളതായും റിപ്പോർട്ട് ചെയ്തു.

റാൻഡം സാമ്പിൾ ശേഖരിച്ച് സപ്‌ളൈകോ ക്വാളിറ്റി കൺട്രോളർ നടത്തിയ പരിശോധനയിൽ, സ്റ്റോക്ക് നിലവാരമില്ലാത്തതും കാലിത്തീറ്റയായി മാത്രം ഉപയോഗിക്കാവുന്നതുമാണെന്ന പ്രാഥമിക റിപ്പോർട്ട് ലഭിച്ചിരുന്നു.

ആയതിനെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറും സപ്ളൈ ക്വാളിറ്റി വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി റേഷൻ കടയിൽ നടത്തിയ വിശദ പരിശോധനയിൽ ചില ചാക്കുകളിലെ സ്റ്റോക്ക് പൂർണ്ണമായും കേടായതും, ചില ചാക്കുകളിലെ സ്റ്റോക്കിൽ കീടബാധ ഉണ്ടായിരുന്നതായും കണ്ടെത്തി ഗുണനിലവാരം കുറഞ്ഞ കീടബാധയുള്ള സ്റ്റോക്ക് ക്ലീനിംഗ് നടത്തി ഉപയോഗയോഗ്യമാക്കാവുന്ന തരത്തിലുള്ളതാണെന്നും കണ്ടെത്തിയവ നിലവിലുള്ള നടപടിക്രമപ്രകാരം, ക്വാളിറ്റി കൺട്രോളറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മിൽ ക്ലീനിങ് നടത്തുന്നതിന് ഉത്തരവ് നൽകിയിട്ടുള്ളതാണ്. അതിന്റെ ചെലവും നഷ്ടവും റേഷൻ കടക്കാരനിൽ നിന്ന് ഈടാക്കും. ക്ലീനിംഗ് നടത്തിയ ശേഷം ലഭിക്കുന്ന സ്റ്റോക്ക് വീണ്ടും ക്വാളിറ്റി പരിശോധനയ്ക്ക് വിധേയമാക്കി ഗുണനിലവാരം പരിശോധന നടത്തി ഉറപ്പാക്കി മാത്രമേ റേഷൻ കട മുഖേന വിതരണം ചെയ്യുകയുള്ളൂ.

ഇതനുസരിച്ച്, നിലവിലുള്ള സ്റ്റോക്ക് കുന്നന്താനത്ത് പ്രവർത്തിക്കുന്ന ക്ലീനിംഗ് മില്ലിൽ എത്തിച്ച് ക്ലീനിങ് നടപടികൾ പുരോഗമിച്ചുവരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, സംഭവിച്ച നഷ്ടം ബന്ധപ്പെട്ട റേഷൻ കടക്കാരനിൽ നിന്ന് ഈടാക്കുന്നതിനായി കുറ്റപത്രം നൽകി തുടർനടപടികൾ സ്വീകരിച്ചു വരികയും ആണ്.