കൊച്ചി: പ്രായമായ ആളുകളുടെ കരുതലും പ്രാർത്ഥനകളുമാണ് രാജ്യത്തിൻ്റെ ഐശ്യര്യവും സുരക്ഷയുമെന്ന് കൊച്ചി ഡപ്യൂട്ടി മേയർ വി ആർ സുധീർ പറഞ്ഞു. രാജ്യം പുരോഗമിക്കുമ്പോൾ വയോധികരെ ഉൾകൊള്ളാനുള്ള മാനസികാവസ്ഥ ജനങ്ങളിൽ കുറഞ്ഞുവരുന്നത് ആശങ്കാജനകമാണ്. മനുഷ്യൻ എത്ര ഉന്നതിയിൽ എത്തിയാലും കുടുംബത്തിലെ പ്രായമായ വ്യക്തികളെ തമസ്കരിച്ചാൽ അതിൻ്റെ ദോഷഫലം തീർച്ചയായും പ്രതിഫലിക്കുമെന്നും വയോജനങ്ങളെ ചേർത്ത് നിർത്താനുള്ള സർക്കാർ പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വയോജന ദിനത്തോടനുബന്ധിച്ച് പുല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വയോധികരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജർ മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. നാസർ ലത്തീഫ് ,എം സലാഹുദ്ധീൻ, നിഷാഫ് മുഹമ്മദ്, ലാജിദ് എസ് , ആൽഫിൻ പോൾ, സാജിത ബീവി, അനസ് എൻ എ , ടി യു സാദത്ത് എന്നിവർ സംസാരിച്ചു. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വയോധികരെ ചടങ്ങിൽ ആദരിച്ചു.