കൊച്ചി: ആമ്പത്തോട് പാലത്തിന്റെ പുനർനിർമ്മാണത്തോടെ വിരാമമാകുന്നത് എഴിക്കര പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണെന്നും നിർമാണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്നും
മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഏഴിക്കര ഗ്രാമപഞ്ചായത്ത് 2023-2024 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 4.69 കോടി അടങ്കൽ തുക ചെലവഴിച്ച് നിർമ്മിക്കുന്ന ആമ്പത്തോട് പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷം മുൻപ് പദ്ധതിക്കായി തുക അനുവദിച്ചിരുന്നെങ്കിലും കരാറെടുക്കാൻ ആളില്ലാതിരുന്നതിനാലും സാങ്കേതിക തടസ്സങ്ങളാലും നിർമ്മാണം മുടങ്ങിപ്പോവുകയായിരുന്നു. എന്നാൽ പിന്നീട് നിരന്തര ശ്രമ ഫലമായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി, ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാണ് നിലവിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നിർമ്മാണം ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പറവൂരിൽ നിന്നും വെറും 20 മിനിറ്റുകൊണ്ട് എറണാകുളത്തെത്താൻ സഹായിക്കുന്ന യാത്രാസൗകര്യമെന്ന നാടിന്റെ വലിയ സ്വപ്നം വൈകാതെ യാഥാർത്ഥ്യമാകും. ചെയർമാൻ എന്ന എന്ന നിലയിൽ ജിഡയുടെ ആദ്യ യോഗത്തിൽ ഇതിനായുള്ള പുതിയ പാലത്തിന്റെയും റോഡിന്റെയും നിർമ്മാണ അനുമതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറായി മുതൽ ചാത്തനാട് വഴി കടമക്കുടി വരെയുള്ള തീരദേശ റോഡ് പൂർത്തിയാക്കും. ഇതോടെ എഴിക്കരയെ ഒരു മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും. കയാക്കിങ്, റിവർ ക്രൂയിസ്, വാട്ടർ സ്പോർട്സ് എന്നിവ ഉൾപ്പെടുത്തി മുസിരിസ് ടൂറിസത്തിന്റെ ഭാഗമായി ഈ മേഖലയെ വികസിപ്പിക്കും. നിലവിൽ റിസോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ടെന്നും പുതിയ റോഡ് വരുന്നതോടെ കൂടുതൽ വികസനവും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാമ്പത്തിക വർഷം തന്നെ മണ്ഡലത്തിൽ ആറ് പ്രധാന പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ചേന്ദമംഗലത്തെ മാട്ടുപുറം പാലം, പുത്തൻവേലിക്കരയിലെ കോഴിത്തുരുത്ത് പാലം, കണക്കൻകടവ് പാലം, ചെമ്മായം കോട്ടുവള്ളി പാലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ ആരംഭിക്കും. ഇതിനുപുറമെ തത്തപ്പള്ളി- കോട്ടുവള്ളി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതായും അപ്രോച്ച് റോഡ് പണി കഴിഞ്ഞാലുടൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ചാത്തനാട് കായൽ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിംഗ് നടത്തണമെന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ്. ഇത് എത്രയും വേഗം പൂർത്തിയാക്കുമെന്നും നാടിന്റെ വികസനത്തിനായി എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീന സജീവ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി. ആർ. സൈജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.എം. രാജഗോപാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ മേരി വിൻസെന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിന്റോ അനിൽകുമാർ, എം.എസ്. രതീഷ്, രമാദേവി, ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിന ബിജു, വാർഡ് അംഗം കെ.ജെ. ജിജോ, ഏഴിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി
മീന മാത്യു, ചീഫ് എഞ്ചിനീയർ
എം. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.