കൊച്ചി: യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങള്‍ വാര്‍ത്തകളാക്കുന്ന ഇക്കാലത്ത് തെറ്റുകളില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാകാത്ത രീതിയില്‍ മാധ്യമരംഗം മാറിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍. എറണാകുളം പ്രസ് ക്ലബില്‍ രണ്ടാമത് പി.എസ്. രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് അവാര്‍ഡദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തനവും മാധ്യമ രംഗവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ബൈറ്റുകള്‍ക്കായി സമീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ എന്തെങ്കിലും ഒന്ന് കിട്ടാനുള്ള തത്രപ്പാട് പലപ്പോഴും കാണാറുണ്ട്. ഒന്നും കിട്ടാതെ വരുമ്പോള്‍ ശൂന്യതയില്‍ നിന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചുവിടും. വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാലും തിരുത്തല്‍ കാണാറില്ല. സെന്‍സേഷനുകള്‍ക്ക് പിന്നാലെ പോകുന്ന മാധ്യമ പ്രവര്‍ത്തനക്കാലത്ത് മാധ്യമധര്‍മത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വേറിട്ട ശൈലിയായിരുന്നു പി.എസ്. രശ്മിയുടേത് എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ മുഖ്യപ്രഭാഷണവും ജനയുഗം കൊച്ചി റീജണല്‍ ഡയറക്ടര്‍ ജി.ബാബുരാജ് അനുസ്മരണ പ്രഭാഷണം അവാര്‍ഡ് ജേതാവ് ഗീതു തമ്പി മറുപടി പ്രസംഗവും നടത്തി. പി.എസ്. രശ്മി സൗഹൃദ കൂട്ടായ്മ കണ്‍വീനര്‍ എം.വി. വിനിത, ജോയിന്റ് കണ്‍വീനര്‍ പി.ആര്‍. റിസിയ എന്നിവര്‍ പ്രസംഗിച്ചു.