കൊച്ചി: സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും സന്ദേശങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിച്ചുകൊണ്ട് കുടുംബശ്രീയുടെ ജെൻഡർ പ്രവർത്തനങ്ങളുടെ 20-ാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ 20 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ജെൻഡർ റിസോഴ്സ് സെന്ററുകളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ 31 വരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
‘20 വർഷം – സ്വയംപഠനത്തിൽ നിന്ന് ഇടപെടലിലേക്ക്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് വാരാഘോഷം. സ്ത്രീകളുടെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ലിംഗസമത്വം, ലിംഗനീതി, അവകാശങ്ങൾ, വിവേചനം, അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും സ്വയംപഠനവും സാധ്യമാക്കുന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീയുടെ ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിവരുന്നത്. ജെൻഡർ റിസോഴ്സ് സെന്ററുകളെ കൂടുതൽ ജനകീയവും സജീവവുമായ ഇടങ്ങളാക്കി മാറ്റുന്നതിനും സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും വാർഷികാഘോഷം ലക്ഷ്യമിടുന്നു.
വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ അയൽക്കൂട്ടങ്ങളിൽ ജെൻഡർ ചർച്ചകൾ സംഘടിപ്പിക്കുന്നതിനൊപ്പം ലിംഗസമത്വം, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ, കുട്ടികളുടെ സുരക്ഷ, സൈബർ സുരക്ഷ, ലഹരിവിരുദ്ധ ബോധവൽക്കരണം, കുടുംബത്തിലെ തുല്യ ഉത്തരവാദിത്വം, സാമ്പത്തിക സ്വാതന്ത്ര്യം, മാനസികാരോഗ്യം, ഗാർഹിക അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജെൻഡർ റിസോഴ്സ് സെന്ററുകളിൽ അഭിപ്രായഭിത്തികൾ ഒരുക്കി സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, പുരുഷന്മാർ, മുതിർന്നവർ തുടങ്ങിയവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിനും പരിപാടികളിലൂടെ ലക്ഷ്യമിടുന്നു. കുടുംബങ്ങളിൽ തുല്യ ഉത്തരവാദിത്വം ഉറപ്പാക്കുക, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കുക, അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക തുടങ്ങിയ സന്ദേശങ്ങളും പ്രചരിപ്പിക്കും.
കുടുംബശ്രീയുടെ ജെൻഡർ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 20 വർഷത്തിനിടെ നടപ്പാക്കിയ പ്രധാന ഇടപെടലുകൾ രേഖപ്പെടുത്തുക, ജെൻഡർ റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക, ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള പ്രാദേശിക ഇടപെടലുകൾ ശക്തിപ്പെടുത്തുക എന്നിവയും വാരാഘോഷത്തിന്റെ ലക്ഷ്യങ്ങളാണ്. ജെൻഡർ മായി ബന്ധപ്പെട്ട പ്രവർത്തിച്ച റിസോഴ്സ് പേഴ്സൺ മാരെയും മറ്റുള്ളവരെയും ഇതോടനുബന്ധിച്ച് ആദരിക്കുന്നതിനും ലക്ഷ്യമിടുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും വിവേചനങ്ങൾക്കെതിരെ പ്രതികരിക്കുകയും അതിക്രമങ്ങൾ നേരിടുന്നവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന സമത്വാധിഷ്ഠിത സമൂഹം രൂപപ്പെടുത്തുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ജെൻഡർ പ്രവർത്തനങ്ങളുടെ 20-ാം വാർഷികാഘോഷം.