ദേവാലയത്തിനകത്ത് പൊലീസിനെ നിരത്തി കുർബാന നടത്തിയത് ഭീരുത്വം: വിശ്വാസി കൂട്ടായ്മ
കൊച്ചി: വിശ്വാസികളെ ഭീഷണിപ്പെടുത്തിയും ഭരണ - പ്രതിപക്ഷ പാർട്ടികളെ സ്വാധീനിച്ച് ദേവാലയത്തിനുള്ളിൽപോലും പോലീസിനെ വിന്യസിച്ചും ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ഇന്ന് (ഞായർ) സഭയിൽ അംഗീകാരമില്ലാത്ത കുർബാന നടത്തിയത് മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ ഭീരുത്വവും കുറ്റബോധവും മൂലമാണെന്ന് ഇടവക വിശ്വാസിക്കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു. കുർബാന തർക്കത്തെ തുടർന്ന് 15 മാസത്തിലധികമായി അടച്ചിട്ടിരുന്ന പള്ളി അധികാര ദുർവിനയോഗത്തിലൂടെയും ഗുണ്ടായിസത്തിലൂടെയുമാണ് അതിരൂപതാം നേതൃത്വം തുറന്ന് നിയമവിരുദ്ധ കുർബാന നടത്തിയത്. സഭയിൽ അമിതാധികാരങ്ങൾ കയ്യാളുന്ന പാംപ്ലാനി വിമതപക്ഷത്തെ തൃപ്തിപ്പെടുത്താനായി നടത്തുന്ന നിയമ ലംഘനങ്ങൾ അംഗീകരിക്കില്ലെന്നും പൂർണമായും ഏകീകൃത കുർബാന ലഭിക്കുന്നതുവരെ നിയമപരമായ മാർഗങ്ങളിലൂടെ പോരാട്ടം തുടരുമെന്നും ഭാരവാഹികളായ എ.കെ ജോസ്, വൈശാഖ് വർഗീസ്, ഷാജി ജോർജ്, ജയ്സൺ ഫ്രാൻസിസ്, ജോൺ കോട്ടൂർ എന്നിവർ അറിയിച്ചു.