കൊച്ചി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖല ദേശീയതലത്തിൽ തുടർച്ചയായി ഒന്നാമത്

പത്താം ക്ലാസിൽ 99.79 ശതമാനമാണ് വിജയം.
ഇക്കുറി കേരളത്തോടൊപ്പം വിജയവാഡയും ദേശീയതലത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു.

തിരുവനന്തപുരം റീജിയണയിൽ നിന്നും 33215 ആൺകുട്ടികളും 33307 പെൺകുട്ടികളും അടക്കം
66522 വിദ്യാർത്ഥികളാണ് സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതിയത്. ഇതിൽ 66427 വിദ്യാർത്ഥികൾ തുടർപഠനത്തിന് അർഹരായി.

നിലവിൽ സംസ്ഥാനത്ത് പത്താം ക്ലാസിൽ 95 വിദ്യാർഥികൾ മാത്രമേ തുടർപഠനത്തിന് യോഗ്യത നേടാത്തതായുള്ളു.

ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിൽ 2 ബോർഡ് പരീക്ഷകളാണ് നടത്തുന്നത്. ഒന്നാം ബോർഡ് പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഉടനെ തന്നെ നടത്താൻ പോകുന്ന രണ്ടാം ബോർഡ് പരീക്ഷയിൽ പങ്കെടുത്ത് വിജയം ഉറപ്പിക്കുന്നതിന് സാധിക്കും. അതോടൊപ്പം തന്നെ നിലവിൽ ലഭിച്ചിരിക്കുന്ന മാർക്കിൽ നിലവാരം ഉയർത്താൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കും രണ്ടാം ബോർഡ് പരീക്ഷ എഴുതാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ട് ബോർഡ് പരീക്ഷ എഴുതുന്നവരിൽ ഏതാണോ മികച്ച മാർക്ക് അതായിരിക്കും തുടർ പഠനത്തിനായി പരിഗണിക്കുക.

രണ്ടാം ബോർഡ് പരീക്ഷയ്ക്ക് ശേഷം മാത്രമേ ഗ്രേഡ് അടക്കമുള്ള വിശദമായ മാർക്ക് ഷീറ്റ് ലഭിക്കുകയുള്ളൂ.

കുട്ടികളിലെ പരീക്ഷ ഭീതി ഒഴിവാക്കി , പഠന സമ്മർദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ബോർഡ് പരീക്ഷ സിബിഎസ്ഇ ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം റീജിയൻ തുടക്കം കുറിച്ചത് മുതൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.
പഠനത്തിലും പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിലും ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് അനുസൃതമായി കേരളത്തിലെ സ്കൂളുകൾ സ്വീകരിക്കുന്ന ശാസ്ത്രീയ രീതിയാണ് മികച്ച വിജയത്തിന് കാരണമെന്ന് നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ, സെക്രട്ടറി ജനറൽ, ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.