കൊച്ചി: കേരള മുസ്‌ലിം എജ്യൂക്കേഷണൽ അസോസിയേഷൻ ( കെ. എം. ഇ. എ ) സംസ്ഥാന വൈസ് പ്രസിഡണ്ടായി ഹൈക്കോടതി അഭിഭാഷകൻ കെ. എ. ജലീലിനെ തെരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന ആസ്ഥാനമായ എറണാകുളം പുല്ലേപ്പടിയിലുള്ള പോക്കർ സാഹിബ് മെമ്മോറിയൽ ഹാളിൽ സംസ്ഥാന പ്രസിഡണ്ട് ബഷീറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗമാണ് ജലീലിനെ തെരഞ്ഞെടുത്തത്. സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ്.
കെ. എം. ഇ.എ യുടെ കീഴിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ചറൽ കോളേജ്, ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ നിലവിലെ സെക്രട്ടറിയാണ് കെ. എ.ജലീൽ. കേരള ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കറ്റ് ജനറലായിരുന്നു.
സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ വി.കെ.ബീരാൻ, ജനറൽ സെകട്ടറി റിയാസ് അഹമ്മദ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
പ്രവർത്തക സമിതി അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.