മേശയുടെ പുറത്ത് കയറി മന്ത്രി ചോര്‍ച്ച പരിശോധിച്ചത് നാടകം;
വീട്
നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകള്‍ക്ക് മറുപടി പറയേണ്ടി വരും
കൊച്ചി: വയനാട്ടിലെ വീടുകളുടെ ഉദ്ഘാടനം തിരഞ്ഞെടുപ്പന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യമെന്ന് പ്രതിപക്ഷ നേതാവ്
വി.ഡി. സതീശൻ വയനാട്ടില്‍ എന്തൊരു കാപട്യമാണ് സര്‍ക്കാര്‍ കാട്ടിയത്? പണി പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മുഖ്യമന്ത്രി വീടുകള്‍ ഉദ്ഘാടനം ചെയ്തത്. വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെ ഒന്നും അവിടെയില്ല. നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല. ചോര്‍ച്ച പരിശോധിക്കേണ്ടത് എന്‍ജിനീയര്‍മാരാണ്. മന്ത്രി മേശയുടെ പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചത്. വിള്ളലാണോ പെന്‍സില്‍ മാര്‍ക്കാണോ എന്ന് പരിശോധിക്കുന്നത് മന്ത്രിയാണോ? മന്ത്രിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? രാഹുല്‍ ഗാന്ധി കല്ലിട്ടിട്ട് പിറ്റേ ദിവസം പണി തുടങ്ങിയില്ലെന്നതാണ് ഞങ്ങള്‍ക്കെതിരായ ആരോപണം. അതേസമയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളില്‍ ആര്‍ക്കും ഇതുവരെ താമസിക്കാനായിട്ടില്ലല്ലോ. ആളുകളെ താമസിപ്പിക്കാനുള്ള സ്ഥിതിയിലേക്ക് വീട് നിര്‍മ്മാണം എത്തിയിട്ടില്ല. തിരഞ്ഞെടുപ്പന് മുന്‍പ് ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തിയ കാപട്യമായിരുന്നു ഉദ്ഘാടനം. പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പിറ്റേ ദിവസം താക്കോല്‍ നല്‍കുമായിരുന്നു. പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തി, തിരഞ്ഞെടുപ്പ് കാലത്ത് അത് ആഘോഷിച്ച് കേരളം മുഴുവന്‍ ആയിരക്കണക്കിന് ബോര്‍ഡുകള്‍ വച്ചു. ഗുരുതരമായ ക്രമക്കേടുകളാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്നത്. ഇതിനൊക്കെ മറുപടി പറയേണ്ടി വരും. കാലം ഇതിനൊക്കെ കണക്ക് ചോദിക്കും. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ തെറ്റായ പ്രചരണങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇനിയും നിരവധി കാര്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.