കൊച്ചി: ഡോ. ഗോകുൽദാസ് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശന കർമ്മം കൊച്ചിയിൽ നടന്നു. അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ അമൃതേശ്വരി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക-വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോ. ഗോകുൽദാസിന്റെ കവിതാ സമാഹാരമായ 'ആത്മാവിൻ രാഗവും', ചെറുകഥാ സമാഹാരമായ 'വിധിയുടെ വിനോദവുമാണ്' വായനക്കാരിലേക്ക് എത്തിയത്.

സ്വാമി പൂർണ്ണാമൃതാനന്ദ പുരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് 'വിധിയുടെ വിനോദം' എന്ന ചെറുകഥാ സമാഹാരത്തിന്റെയും 'ആത്മാവിൻ രാഗം' എന്ന കവിതാ സമാഹാരത്തിന്റെയും ആദ്യപ്രതി പ്രകാശനം ചെയ്യുകയും ചെയ്തു. ആധുനിക കാലഘട്ടത്തിൽ വായനയുടെ പ്രസക്തിയെക്കുറിച്ചും മാനവികതയെക്കുറിച്ചും അദ്ദേഹം അനുഗ്രഹപ്രഭാഷണത്തിൽ സംസാരിച്ചു. വൈദഗ്ധ്യമുള്ള ഒരു ഡോക്ടർ എന്നതിലുപരി ഹൃദയസ്പർശിയായ വരികൾ കുറിക്കുന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ഡോ. ഗോകുൽദാസ് എന്ന് അദ്ദേഹം ആശംസ പ്രസംഗത്തിൽ പറഞ്ഞു

'വിധിയുടെ വിനോദം' (ചെറുകഥകൾ): ഡോ. ആനന്ദ് കുമാർ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. ജീവിതത്തിലെ അപ്രതീക്ഷിത നിമിഷങ്ങളെയും വിധിയുടെ വിളയാട്ടങ്ങളെയും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് ഈ കൃതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'ആത്മാവിൻ രാഗം' (കവിതകൾ) ഡോ. കെ. എൻ. രാഘവൻ, മനുഷ്യന്റെ ആത്മീയവും വൈകാരികവുമായ തലങ്ങളെ സ്പർശിക്കുന്ന വരികളാണ് ഈ സമാഹാരത്തിലുള്ളതെന്ന് അവർ വിലയിരുത്തി. കറുത്ത പൂച്ച എന്ന കവിത കാലാകാലങ്ങളായി തുടർന്നു വരുന്ന ചില കപട വിശ്വാസങ്ങളുടെ തുറന്നുകാട്ടലായി എന്ന് അദ്ദേഹം എടുത്തു പറഞ്ഞു

ഡോ. ഉഷാ മേനോൻ , പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ പാവുമ്പ മനോജ്, അഡ്വക്കേറ്റ് ശിവകുമാർ മേനോൻ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു.

തന്റെ എഴുത്തുജീവിതത്തിലെ ഈ സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ എത്തിയ എല്ലാവർക്കും ഗ്രന്ഥകർത്താവായ ഡോ. ഗോകുൽദാസ് നന്ദി രേഖപ്പെടുത്തി.

അശ്വതി നമ്പ്യാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഡോ. നാരായണൻ സ്വാഗതം ആശംസിച്ചു