കളമശേരി: കഴിഞ്ഞ 28 ദിവസത്തെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്നലെ സൗത്ത് കളമശേരിയിൽ കൊട്ടിക്കലാശം. പ്രവർത്തകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തി വിജയ പ്രതീക്ഷയിൽ യുഡിഎഫ്. കളമശേരി നിയോജക മണ്ഡലത്തിലെ എല്ലാ സ്ഥാനാർഥികളുടെയും കൊട്ടികലാശം സൗത്ത് കളമശേരിയിലായിരുന്നു. ഉച്ച കഴിഞ്ഞത് മുതൽ എല്ലാ മുന്നണിയിലേയും പ്രവർത്തകർ സൗത്ത് കളമശേരിയിലേക്ക് എത്തി തുടങ്ങിയിരുന്നു. ഓരോരുത്തർക്കും പ്രത്യേകം സ്ഥലം നിർദ്ദേശിക്കുകയും പ്രസ്തുത സ്ഥലങ്ങളെ വേർതിരിച്ച് ബാരിക്കേടുകൾ സ്ഥാപിക്കുകയും കേന്ദ്ര സേനയും പൊലീസും കാവൽ നിൽക്കുകയുമായിരുന്നു. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ യുഡിഎഫ് പ്രവർത്തകർ
വിവിധ വാർഡുകളിൽ നിന്ന് ചെറു സംഘങ്ങളായി ഇരുചക്ര വാഹനങ്ങളിൽ പ്രയാണമാരംഭിച്ച് വിവിധ പ്രദേശങ്ങൾ ചുറ്റിക്കറങ്ങി ഇടപ്പള്ളി ടോളിൽ എത്തി. തുടർന്ന് അവിടെ നിന്ന് വൻ റാലിയായാണ് ദേശീയ പാതയിലൂടെ നീങ്ങിയത്. പ്രീമിയർ ജംഗ്ഷനിൽ എത്തി അവിടെ നിന്ന് എച്ച്എംടി കവലയിലൂടെ തിരിച്ച് സൗത്ത് കളമശേരിയിൽ എത്തിയതോടെയു ഡി എഫ് പ്രവർത്തകരുടെ മഹാ സാഗരമായി മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജമാൽ മണക്കാടൻ, കെപിസിസി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, മധു പുറക്കാട്, അഷ്കർ പനയപ്പിള്ളി, റാഷിദ് ജിന്നാസ്, പി എം എ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായാണ് സ്ഥാനാർഥി അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ ഇവിടെ എത്തിയത്. തുടർന്ന് വാഹനത്തിന്റെ മുകളിലേക്ക് യുഡിഎഫ് പ്രവർത്തകർ ഗഫൂറിന്റെ എടുത്തുയർത്തി. ഇതൊടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. സ്വർണം കട്ടവനാരപ്പ... എന്ന ഗാനത്തിന്റെ അകമ്പടിയിൽ താളമേളങ്ങൾ തീർത്ത കലശക്കൊട്ട് ആറു മണിക്ക് നിശബ്ദമായി. എന്നാൽ ഈ സമയത്ത് ഇടത് മുന്നണി ഡ്രോണിൽ അരിവാൾ ചുറ്റിക്ക പറത്തിയത് യുഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തു. ഇടതു പ്രവർത്തകർ ഇതിനെ ചെറുത്ത് കൂക്ക് വിളിയും ചീത്ത വിളിയും നടത്തിയതോടെ സ്ഥലത്ത് ചെറിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തക്കസമയത്ത് യുഡിഎഫ് നേതാക്കൾ ഇടപെട്ട് പ്രവർത്ത രെ പിൻ തിരിപ്പിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.