.
കൊച്ചി: എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (എൻഫോഴ്‌സ്‌മെന്റ്) ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വാഹനങ്ങളിലെ ജീവനക്കാർക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
ആർ.ടി.ഒ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഡ്രൈവർമാർ, ആയമാർ, റോഡ് സേഫ്റ്റി ഓഫീസർമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർക്കായാണ് ക്ലാസ്.
സ്‌കൂൾ/കോളേജ് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ആയമാർക്കും മാനേജർമാർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.
ജൂൺ 13 ന് രാവിലെ 9:00 മുതൽ ഉച്ചക്ക് 1:00 വരെ കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂളിലാണ് ബോധവൽക്കരണ ക്ലാസ് നടക്കുക.
സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷ, റോഡ് നിയമങ്ങൾ, സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടലുകൾ, വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നിർദ്ദേശങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രതിനിധികളും വാഹന ജീവനക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.