കൊച്ചി : കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഞ്ചനാപരമായി ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ കീഴടങ്ങരുതെന്നും ധാരണാ പത്രത്തിൽ നിന്ന് പിന്തിരിയണമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി യു ഡി എഫ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
പിണറായി സർക്കാർ പ്രസ്തുത കരാറിൽ മന്ത്രിസഭയറിയാതെ, രഹസ്യമായി, ഒപ്പു വെച്ച നടപടി വഞ്ചനാപരവും നിയമവിരുദ്ധവുമായിരുന്നു.
അതിനെതിരെയുള്ള പ്രതിഷേധം ശക്തവും സമഗ്രവുമായിരുന്നു. ജനങ്ങളിൽ നിന്നുണ്ടായ പ്രതിഷേധത്തിന്റെ സമ്മർദ്ദത്താൽ താത്കാലികമായി നിർത്തി വെയ്ക്കുമെന്ന് പറയാൻ ഇടത് സർക്കാർ നിർബന്ധിതമാവുകയാണുണ്ടായത്.
എൻ ഇ പിയുടെ ഭാഗമായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ട് പോയാൽ ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും.
വിഷയം പരിശോധിക്കാൻ മന്ത്രിതല ഉപസമിതി രൂപവൽക്കരിക്കുന്നത് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്ന നടപടികൾ സ്വീകരിക്കാൻ വേണ്ടിയാകണം.
ഫണ്ട് മാത്രം സ്വീകരിക്കും കരിക്കുലം നിർദ്ദേശങ്ങൾ അവഗണിക്കുമെന്ന സർക്കാർ വാദം ഒരു അന്ധവിശ്വാസമാണ് . സംഘ പരിവാർ കരിക്കുലം നടപ്പാക്കാനാണ് പിഎം ശ്രീ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.
സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പിലാക്കാനും അന്ധവിശ്വാസവും അശാസ്ത്രീയതയും വളർത്തിയെടുക്കാനും ഉദ്ദേശിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതിയുടെ ഭാഗമാകാൻ കേരളത്തെ ഒരിക്കലും അനുവദിക്കരുതെന്ന് ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന ചാപ്റ്ററിന് വേണ്ടി ഡോ. ജോർജ് ജോസഫ്, അഡ്വ. ശാന്തി രാജ്, എം ഷാജർ ഖാൻ, ഡോക്ടർ ജ്യോതിരാജ്, പ്രൊഫസർ പി എൻ തങ്കച്ചൻ, നിഖിൽ സജി തോമസ് , ഫ്രാൻസിസ് കളത്തിങ്കൽ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.