കൊച്ചി കപ്പൽശാലയുടെ ഓഹരി വില്പന കേന്ദ്ര ബിജെപി സർക്കാർ അവസാനിപ്പിക്കമെന്നും, കപ്പൽശാലയെ പൊതുമേഖലയിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 2026 ജൂലൈ 8 ബുധനാഴ്ച (ഇന്ന്) രാവിലെ 7.15 ന് കപ്പൽശാല സൗത്ത് ഗേറ്റിൽ പ്രതിഷേധ യോഗം ചേർന്നു. കൊച്ചിൻ ഷിപ്പ് യാർഡ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി അഡ്വ. എൻ സതീഷ് , കൊച്ചിൻ ഷിപ്പ് യാർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ (ഐഎൻടിയുസി), ജനറൽ സെക്രട്ടറി ജോൺ വർഗ്ഗീസ് . കൊച്ചിൻ ഷിപ്പ് യാർഡ് എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ദിനേശ് , കൊച്ചിൻ ഷിപ്പ് യാർഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) വൈസ് പ്രസിഡന്റ് ഒ ഡി ആൽബർട്ട്, പി അനിജു, ടി ജി.ബെന്നി ബഹനാൻ എന്നിവർ പ്രതിഷേധ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൊച്ചി കപ്പൽശാലയെപ്പോലെ നാടിൻ്റെ അഭിമാനമായി നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വളഞ്ഞ വഴിയിലൂടെ സ്വകാര്യ കോർപ്പറേറ്റുകളെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപെട്ടു.
കേരള ജനത നടത്തിയ നിരവധിയായ ജനകീയ സമരങ്ങളുടെ ഫലമായി ആണ് , 100 ശതമാനം കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ 1972 ൽ കൊച്ചി കപ്പൽശാല സ്ഥാപിതമായത്. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് കപ്പൽശാല ഇന്നു കാണുന്ന നിലയിലേക്ക് വളർന്നത്. കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ ഉടമസ്ഥതയിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ ഓഹരികൾ നരേന്ദ്ര മോഡിയുടെ സർക്കാരാണ് 2017 - ആഗസ്റ്റിൽ വിറ്റഴിക്കുന്നതിന് തീരുമാനിച്ചത്. കപ്പൽശാലയുടെ 32.14 ശതമാനം ഷെയറുകൾ വിറ്റഴിച്ചതിന് പുറമേയാണ് വീണ്ടും ഈ ഓഹരിവില്പന. ആദ്യഘട്ടത്തിൽ 25 ശതമാനം ഓഹരികളും, ബൈ - ബാക്ക് എന്ന നിലയിൽ 2.14 ശതമാനം ഓഹരികളും , പിന്നീട് അഞ്ചു ശതമാനം ഓഹരികളും വിറ്റഴിച്ചു. കേന്ദ്ര BJP സർക്കാരിന്റെ ഘട്ടം ഘട്ടമായിട്ടുള്ള ഓഹരി വിൽപ്പന കപ്പൽശാലയെ പ്രതിസന്ധിയിൽ എത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു.