തൃശ്ശൂർ : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് എത്രയും വേഗം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെയും നിർമ്മാണ കമ്പനികളുടെയും ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ പറഞ്ഞു. അത് നിറവേറ്റിയില്ലെങ്കിൽ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു.

ജില്ലാ കളക്ടർക്കും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്റ്റ് ഡയറക്ടർ (പാലക്കാട്) ക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ലെന്ന് ഉത്തരവിൽ പറഞ്ഞു. ജനങ്ങൾ ദിവസേന നേരിട്ട് അനുഭവിക്കുന്നതാണിത്. ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് വിവിധ ആധികാരസ്ഥാനങ്ങളിൽ നിന്നും ഉത്തരവുകൾ ലഭിച്ചിട്ടും നിർമ്മാണ കമ്പനികൾ അവ നടപ്പിലാക്കുന്നില്ല. പൊതുജനങ്ങളെ ബുദ്ധിമുട്ടിൽ നിന്നും ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സർവീസ് റോഡുകളിൾ യഥാസമയം അറ്റകുറ്റപണികൾ നടക്കാത്തതിനാൽ അതുവഴിയുള്ള യാത്രകളും ദുഷ്കരമാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെങ്കിലും നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണെന്ന് ഉത്തരവിൽ പറഞ്ഞു.

കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികളുടെ അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ കാരണമാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാകാൻ കാരണമെന്ന് പരാതിക്കാരനായ ഡെന്നി വെളിയത്ത് പറഞ്ഞു. എന്നാൽ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതു പോലുള്ള പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു.