കൊച്ചി: എറണാകുളം ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകളും നിയമനടപടികളും തുടരുന്നു. വിവിധ ഭക്ഷ്യ ഉത്പാദന, വിതരണ, വില്പന ശാലകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, റീട്ടെയിൽ/ഹോൾസെയിൽ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് 2026 ഏപ്രിൽ മുതൽ 1,173 പരിശോധനകൾ നടത്തി.

335 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കി. 19 സാമ്പിളുകൾ സുരക്ഷിതമല്ലാത്തത് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടികളും, ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയ 17 സാമ്പിളുകളിൽ അഡ്ജുഡിക്കേഷൻ നടപടികളും സ്വീകരിച്ചു. ഇതുകൂടാതെ ഭക്ഷ്യവസ്തുക്കളുടെ 997 സർവൈലൻസ് സാമ്പിളുകളും പരിശോധന നടത്തിയിട്ടുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ് നോട്ടീസ് നൽകിയതിൽ, 191 സ്ഥാപനങ്ങൾക്ക് 8,37,000 രൂപ പിഴ ചുമത്തി.
ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിറ്റഴിച്ച പ്രമുഖ ബ്രാൻഡുകൾക്കെതിരെയും നിയമ നടപടികൾ പൂർത്തിയാക്കി വൻതുക പിഴ ചുമത്തി.

2026 ഏപ്രിൽ മുതൽ ഇതുവരെ നടപടികൾ പൂർത്തിയായ 83 അഡ്ജുഡിക്കേഷൻ കേസുകളിലായി ആകെ 26,40,250/- രൂപ പിഴ ഈടാക്കി. ആരോഗ്യത്തിന് ഹാനികരവും സുരക്ഷിതമല്ലാത്തതുമാണെന്ന് കണ്ടെത്തിയ പ്രമുഖ ബ്രാൻഡുകളുടെ മുളകുപൊടികൾക്കെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ പ്രോസിക്യൂഷൻ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും എറണാകുളം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.