കൊച്ചി: റേഞ്ച് റോവർ എസ്‌വി അൾട്ര ഇന്ത്യയിൽ അവതരിപ്പിച്ചു. ന്യൂഡൽഹി എക്‌സ്‌ഷോറൂം അടിസ്ഥാനത്തിൽ 3 കോടി 80 ലക്ഷം രൂപയാണ് പ്രാരംഭ വില. റേഞ്ച് റോവറിന്റെ ആഡംബരവും സാങ്കേതിക മികവും സമന്വയിപ്പിക്കുന്ന മോഡലിൽ എസ്‌വി അൾട്രയ്ക്ക് മാത്രമായി ഒരുക്കിയ ടൈറ്റൻ സിൽവർ ബാഹ്യ ഫിനിഷ്, 23 ഇഞ്ച് അലോയ് വീലുകൾ, ഓർക്കിഡ് വൈറ്റും സിൻഡർ ഗ്രേയും ചേർന്ന ലെതർരഹിത അൾട്രാഫാബ്രിക്സ് ഉൾസജ്ജീകരണം, റാറ്റൻ പാം വെനീർ എന്നിവ ഉൾപ്പെടുന്നു.
ലോകത്തിലെ ആദ്യത്തെ എസ്‌വി ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനമാണ് വാഹനത്തിലെ പ്രധാന സവിശേഷത. 21 ഭാരം കുറഞ്ഞ ഇലക്ട്രോസ്റ്റാറ്റിക് ട്രാൻസ്‌ഡ്യൂസറുകളും അഞ്ച് ബാസ് സ്പീക്കറുകളും ബോഡി ആൻഡ് സോൾ സീറ്റുകളും സെൻസറി ഫ്ലോറും ചേർന്ന് യാത്രക്കാർക്ക് വ്യത്യസ്തമായ സംഗീതാനുഭവം നൽകുന്നു. ഓരോ സീറ്റിനും വ്യക്തിഗത ശബ്ദാനുഭവം ഒരുക്കുന്നതിനൊപ്പം ആറ് വെൽനെസ് പ്രോഗ്രാമുകളിലൂടെ വിശ്രമവും ഏകാഗ്രതയും വർധിപ്പിക്കാനും സംവിധാനം സഹായിക്കും.
395 കിലോവാട്ട് ശേഷിയുള്ള പെട്രോൾ മൈൽഡ് ഹൈബ്രിഡ് എട്ട് സിലിണ്ടർ എൻജിനിലാണ് എസ്‌വി അൾട്ര നിലവിൽ ലഭ്യമാകുന്നത്. ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനത്തിൽ പുനഃസംസ്‌കരിച്ചതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എസ്‌വി അൾട്ര പതിപ്പ് ഈ വർഷാവസാനത്തോടെ അവതരിപ്പിക്കുമെന്നും റേഞ്ച് റോവർ വ്യക്തമാക്കി.