കൊച്ചി: ദേശീയ പാതകളുടെ ഇരുവശവും മധ്യരേഖയിൽ നിന്ന് 40 മീറ്റർ വീതിയിൽ നിർമ്മാണ വിലക്ക് ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ വിധി ദൗർഭാഗ്യകരവും ആശങ്ക ജനിപ്പിക്കുന്നതും ആണെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസ്താവിച്ചു. കഴിഞ്ഞ ഏപ്രിൽ 13ന് പുറപ്പെടുവിച്ച വിധിയിൽ പാതകളുടെ മധ്യരേഖയിൽ നിന്ന് 75 മീറ്റർ ദൂരത്ത് വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ട് . കേരളം പോലുള്ള ജനസാന്ദ്രമായ സംസ്ഥാനത്ത് ഈ വിധി നടപ്പാക്കിയാൽ ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും . വഴിയോര കച്ചവടങ്ങളിലൂടെ ഉപജീവനം കണ്ടെത്തുന്ന 10000 കണക്കിന് കുടുംബങ്ങളുടെ ജീവിതം വഴി മുട്ടും . രണ്ട് സംസ്ഥാനങ്ങളിലെ ദേശീയപാതകളിൽ സമീപകാലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് 34 ഓളം ആളുകൾക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഈ വിഷയത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ എതിർകക്ഷിയാക്കി സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി ആണ് ഇങ്ങനെ ഒരു വിധി ന്യായം പുറപ്പെടുവിച്ചിരിക്കുന്നത് . ദേശീയപാതയുടെ വികസനത്തിനുവേണ്ടി ഇതിനകം നിരവധി തവണ ഭൂമിയും വസ്തുക്കളും വിട്ടുകൊടുത്ത കുടുംബങ്ങൾ തന്നെയാണ് വീണ്ടും ഈ കർശനമായ നിബന്ധനകൾക്ക് ഇരയാകുന്നത് എന്നുള്ളത് ബന്ധപ്പെട്ട അധികാരികൾ പരിഗണിക്കേണ്ടതായിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളുടെ വിശാലമായ താല്പര്യം പരിഗണിച്ച് റിവ്യൂ പെറ്റീഷൻ നൽകണമെന്ന് ജനകീയ പ്രതിരോധ സമിതിക്ക് വേണ്ടി പ്രൊ. കെ അരവിന്ദാക്ഷൻ , ഡോ. എംപി മത്തായി, ഡോ.വിൻസൻറ് മാളിയേക്കൽ , എം ഷാജർ ഖാൻ, അഡ്വ. സിആർ നീലകണ്ഠൻ, ഹാഷിം ചേന്നാമ്പിള്ളി പ്രൊ. ഫ്രാൻസിസ് കളത്തിങ്കൽ , തുടങ്ങിയവർ ആവശ്യപ്പെട്ടു .