കൊച്ചി : ജില്ലയിലെ വിവിധ റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അറ്റകുറ്റപണികൾ നടത്തി റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പനങ്ങാട്-കുമ്പളം പാലം അപ്രോച്ച് റോഡുമായി സംഗമിക്കുന്ന ഭാഗം, നെട്ടൂർ-കുണ്ടന്നൂർ പാലത്തിന് സമീപമുള്ള നെട്ടൂർ അപ്രോച്ച് റോഡ് ഭാഗം, കുമ്പളം-അരൂർ പാലത്തിന്റെ റോഡ് ഭാഗം, മാടവന ജംഗ്ഷന് സമീപമുള്ള റോഡ്ഭാഗം, വൈറ്റില ജംഗ്ഷന് സമീപം പാലാരിവട്ടം ഭാഗത്തേക്ക് പോകുന്ന പൊന്നുരുത്തി റെയിൽ ഓവർബ്രിഡ്ജിന് സമീപമുള്ള റോഡ് ഭാഗം എന്നീ റോഡുകളാണ് കുഴികൾ കാരണം തകർന്നത്. ഈ റോഡുകൾ ഏത് ഏജൻസിക്ക് കീഴിലാണ് വരുന്നതെന്ന് കണ്ടെത്തണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
തുടർന്ന് ബന്ധപ്പെട്ട ഏജൻസികളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലപരിശോധന നടത്തി അറ്റകുറ്റ പണികൾ അടിയന്തരമായി നടത്തണം. സ്വീകരിച്ച നടപടികൾ എക്സിക്യുട്ടീവ് എഞ്ചിനീയർമാർക്ക് രേഖാമൂലം സമർപ്പിക്കണം.
അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയതായി ജില്ലാ കള്കടർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാകളക്ടറും എക്സിക്യുട്ടീവ് എഞ്ചിനീയർമാരും അഞ്ചാഴ്ചക്കകം സമർപ്പിക്കണം. ജില്ലാ കളക്ടറുടെ പ്രതിനിധിയും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർമാരും ഒക്ടോബർ 23 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.