കൊച്ചി: മെട്രോ പില്ലർ 721–723 ഇടയിലുള്ള പൗരന്മാർക്കായി ഒരുക്കിയ പൊതുസ്ഥലം സ്വകാര്യ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെതിരെ പരാതി. അടിയന്തര അന്വേഷണം നടത്തി സ്ഥലം പൊതുപ്രയോജനത്തിനായി പുനഃസ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകൻ ദീപക് പൂജാര പരാതിയിൽ ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തിലെ പൗരന്മാർക്ക് സാംസ്കാരിക, സാമൂഹിക ചടങ്ങുകൾക്കായി ഉപയോഗിക്കാവുന്ന രീതിയിൽ ഒരുക്കിയതായി കാണപ്പെടുന്ന മെട്രോ പില്ലർ നമ്പർ 721, 722, 723-നിടയിലുള്ള സ്റ്റേജും തുറസ്സായ സ്ഥലവും അടിയന്തിരമായി തുറന്ന് നൽകണമെന്ന് പരാതിയിൽ പറയുന്നു.

ഈ സ്ഥലം നിലവിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പ്രത്യേക/എക്സ്ക്ലൂസീവ് പാർക്കിംഗ് ആവശ്യത്തിനായി ഉപയോഗിക്കുന്നതായി കാണുന്നു. പൊതുപ്രയോജനത്തിനായി രൂപപ്പെടുത്തിയതായി തോന്നുന്ന ഒരു വിലപ്പെട്ട നഗരസ്ഥലം ഇത്തരത്തിൽ ഒരു സ്വകാര്യ വാണിജ്യ സ്ഥാപനത്തിന് മാത്രം പ്രയോജനപ്പെടുന്ന രീതിയിൽ അനുവദിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നിയമപരവും ഭരണപരവുമായ അധികാരം വ്യക്തമാക്കേണ്ടത് അനിവാര്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊതുസ്ഥലം സ്വകാര്യ വാണിജ്യ ഉപയോഗത്തിലേക്ക് മാറ്റരുതെന്നും
അടിയന്തരമായി പരാതി പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ദീപക് പുജാര ആവശ്യപ്പെട്ടു.