കൊച്ചി: കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു. 17 സ്ത്രീകളും ഏഴ് പുരുഷന്മാരും ഉൾപ്പെടെ പരിക്കേറ്റ 24 പേരെ കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അരൂർ സ്വദേശികളായ കണ്ടങ്കൽ വീട്ടിൽ മുരുകേശൻ (59), കാട്ടുകണ്ടത്തിൽ വീട്ടിൽ ദേവദാസ് (61), പുള്ളിയത്തറ വീട്ടിൽ പത്രോസ് (65), തറയിൽ വീട്ടിൽ ടി.എൻ. സലീപൻ (65), പുരുത്തുക്കാട് വീട്ടിൽ ബിന്ദു (45), വട്ടക്കുളം അഴുേവലിപ്പറമ്പ് വീട്ടിൽ ശ്യാമ (46), ആലീസ് (51), കടവിപ്പറമ്പിൽ വീട്ടിൽ പ്രസന്ന ഷൺമുഖൻ (58), കട്ടപ്പുരയ്ക്കൽ വീട്ടിൽ പ്രജിഷ (43), കോയിപ്പറമ്പിൽ വീട്ടിൽ രത്നകുമാരി (62), കാരത്തറ വീട്ടിൽ സതി (61), തട്ടമ്പിള്ളി വീട്ടിൽ പത്മാവതി (64), ചക്കനാട്ട് വീട്ടിൽ റീന ജെയിംസ് (45), എരമല്ലൂർ സ്വദേശികളായ വെട്ടുവേൽചിറ വീട്ടിൽ രജിത (46), തായിപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (53), പുതുവൽനികർത്ത് വീട്ടിൽ ശ്രീജ കുഞ്ഞുമോൻ (47), ആലപ്പുഴ സ്വദേശികളായ പുത്തൻപറമ്പിൽ വീട്ടിൽ സാബു (60), കുന്നേൽവീട്ടിൽ നിഷ(43), കൊല്ലം അതിനാട് നോർത്ത് വെളുത്തിടത്ത് തറയിൽ വീട്ടിൽ ബാബു (55), അസം സ്വദേശിനി മാപ്ഗോഗോ (34), ചേർത്തല മഞ്ചാടിക്കുന്നേൽ വീട്ടിൽ രാധാമണി (57), ചന്തിരൂർ തഴുപ്പിൽ വീട്ടിൽ എസ്. സുമി(43), ഫോർട്ടുകൊച്ചി പേരേക്കൽ വീട്ടിൽ പി.ആർ. റുഫൈദ (24), അരൂക്കുറ്റി ആലങ്ങാട്ട് വീട്ടിൽ രമ്യ രവീന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രജിത, രമ്യ, ബാബു, പ്രജിഷ, പത്മാവതി, ദേവദാസ്, ശ്രീജ, റുഫൈദ, പത്രോസ് എന്നിവർക്ക് സി.ടി സ്കാൻ നിർദേശിച്ചു. രജിതക്ക് മുഖത്തും വായിലും പല്ലിനും പരിക്കുണ്ട്. സലീപൻ, രത്നകുമാരി, സുമി എന്നിവർക്കാണ് മുഖത്തും കൈകാലുകളിലുമായി ഒടിവുകൾ സംഭവിച്ചിരിക്കുന്നത്.

വെള്ളി‍യാഴ്ച രാവിലെ 7.45 ഓടെ കുമ്പളം ടോൾ പ്ലാസയിലായിരുന്നു സംഭവം. എട്ട് മണിയോടെ ഇവരെ ആശുപത്രിയിലെത്തിച്ചുവെന്ന് ആശുപത്രി ഔദ്യോഗിക വക്താവ് അറിയിച്ചു. ടോൾ പ്ലാസയിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇവിടുത്തെ തൂണിലിടിച്ചാണ് ബസ് നിന്നത്. എരമല്ലൂർ- കലൂർ റൂട്ടിൽ സർവിസ് നടത്തുന്ന മുല്ലശേരി ബസാണ് അപകടത്തിൽ പെട്ടത്. എരമല്ലൂരിൽ നിന്നും കലൂരിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രാധാമണി, രമ്യ എന്നിവർ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ജീവനക്കാരാണ്. ബസിനുള്ളിൽ തെറിച്ച് വീണ യാത്രക്കാർക്ക് തലയിലും മുഖത്തും തോളിലും കൈകാലുകളിലും തുടങ്ങി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.

നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് മറ്റൊരു ബസിലും ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി ഇവരെ വി.പി.എസ് ലേക്‌ഷോറിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ വിദഗ്ധ ചികിത്സ നൽകി.