കാക്കനാട്: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബഡ്‌സ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പ്രത്യേക പരിഗണനയും കരുതലും ആവശ്യമായ കുട്ടികളുടെ വിദ്യാഭ്യാസം, വളർച്ച, ആത്മവിശ്വാസം എന്നിവയ്ക്കായി സേവനം ചെയ്യുന്ന ബഡ്‌സ് സ്കൂളുകളിലെ അധ്യാപകർക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ (പ്രിയദർശിനി ഹാൾ )നടന്ന ചടങ്ങ് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. എം. റെജിന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ. ആർ. രജിത, കെ. സി. അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
അധ്യാപകരുടെ ശേഷി വികസനത്തിന്റെ ഭാഗമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കുട്ടികളുടെ പെരുമാറ്റം, മാനസിക-വൈകാരിക ആവശ്യങ്ങൾ, വളർച്ച, പഠനം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ പ്രായോഗിക അറിവും കഴിവുകളും വർധിപ്പിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്.
കുസുമഗിരി ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ലിജി ജോസഫ് പരിശീലനത്തിന് നേതൃത്വം നൽകി. ബഡ്‌സ് അധ്യാപകരുടെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തി.