കൊച്ചി : ഓണത്തോടനുബന്ധിച്ച് സപ്ലൈകൊ പുറത്തിറക്കിയ ഗിഫ്റ്റ് കൂപ്പണുകൾ ദുരുപയോഗം ചെയ്ത്
സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലക്ക് പഞ്ചസാര വിൽപ്പന നടത്തിയ സംഭവത്തിൽ ഉത്തരവാദിയായ സപ്ലൈകൊ എംഡി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് എംഡി , എജിഎം എന്നിവർ അറിഞ്ഞു കൊണ്ടുള്ള ഏർപ്പാടാണെന്നും ജീവനക്കാർ അനുസരിക്കണമെന്നും പറഞ്ഞു കൊണ്ടുള്ള ഡപ്യൂട്ടി മാനേജറുടെ ഫോൺ വഴിയുള്ള നിർദ്ദേശം ഇതിനുള്ള തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതരുടെ നിർദ്ദേശം നടപ്പിലാക്കിയ താഴെ തട്ടിലുള്ള ജീവനക്കാർ ബലിയാടുകളാകുകയും ഉന്നതർ രക്ഷപെടുകയും ചെയ്യുന്നത് നീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിക്ക് വേണ്ടി ആഗസ്റ്റ് 29 മുതൽ 31 വരെയുള്ള മൂന്ന് ദിവസങ്ങൾ സപ്ലൈകൊ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയത് ഹെഡ് ഓഫീസ് മേധാവികളാണെന്നും താഴെ തട്ടിലുള്ള ജീവനക്കാരുടെ നിയന്ത്രണത്തിൽ വരുന്ന കാര്യങ്ങളല്ല ഇതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
ഈ കുറ്റം പകൽ പോലെ വ്യക്തമായിട്ടും ഉന്നതരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനം സ്വകാര്യ കമ്പനിയുടെ ഏജൻസിയായി മാറിയതിൽ ദുരൂഹതകളേറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകൊ തലത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സ്വാഭാവികമായും എം ഡി ഉൾപ്പെടെയുള്ളവർ സംരക്ഷിക്കപ്പെടുമെന്നുള്ളതിനാൽ ആഭ്യന്തര വകുപ്പിന് കീഴിലുള്ള വിജിലൻസ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഭക്ഷ്യ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.