കളമശേരി :കളമശേ രി നഗരസഭയിലെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട സോണുകൾ സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിന് മെയ് 2 മുതൽ നഗരസഭ ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ അറിയിച്ചു.
നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട സോണുകൾ സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കുന്നതിനായി എറണാകുളം സീനിയർ ടൗൺ പ്ലാൻ ഓഫീസിലെ ഉദ്യോഗസ്ഥരും കളമശേരി നഗരസഭ എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും കൗൺസിലർമാരും പങ്കെടുത്ത യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്.
എന്നാൽ നഗരസഭ പ്രദേശത്തെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായി ബാധിക്കുന്ന വിഷയമായിരുന്നിട്ടും 46ൽ 27 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്.
കളമശേരി നഗരസഭയിലെ 45% ഭൂപ്രദേശവും ഗ്രീൻ സോണിലാണ് കിടക്കുന്നത്. ഇവിടെ കെട്ടിടം നിർമ്മിക്കുന്നതിന് വലിയ നിയന്ത്രണമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ മാർച്ച് 15ന് കളമശേരി നഗരസഭയിലെ സ്ട്രക്ച്ചറൽ പ്ലാനിൽ വ്യതിയാനം വരുത്തി കരട് വിജ്ഞാപനം ഇറക്കിയിരുന്നു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉള്ളവർ മെയ് 24ന് ഉള്ളിൽ നഗരസഭയെ അറിയിക്കണം.