കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും വിദേശ സംസ്കാരങ്ങളിലെയും വസ്ത്ര പാരമ്പര്യങ്ങൾക്ക് പുതുതലമുറ ആധുനിക മുഖം നൽകുന്ന ജെഡി ഡിസൈൻ അവാർഡ്സ് 2026 ആഗസ്റ്റ് ഏഴിന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും.
‘ആർട്ടിസൻ 2.0’ എന്ന പ്രമേയത്തിൽ അക്കാദമി ഓഫ് ഡിസൈൻ ആൻഡ് മാനേജ്‌മെന്റും ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കൊച്ചിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഇന്റീരിയർ ഡിസൈൻ പ്രദർശനം ആരംഭിക്കും. വൈകീട്ട് 5.30ന് ഫാഷൻ ഷോ അരങ്ങേറും.
ചിക്കൻകാരി, സർദോസി, കലംകാരി, ആരി വർക്ക്, കാന്ത, ലെഹരിയ, മിറർ വർക്ക്, ആപ്ലിക്, പാച്ച് വർക്ക്, ബീഡ് വർക്ക്, മുകേഷ് എംബ്രോയ്ഡറി എന്നിവയ്ക്ക് യുവ ഡിസൈനർമാർ പുതുഭാവം നൽകും.
ടൈ ആൻഡ് ഡൈ, പ്രകൃതിദത്ത ചായങ്ങൾ, ഷിബോറി, മക്രാമി, ഒറിഗാമി, സ്മോക്കിങ്, റാലി ക്വിൽറ്റിങ്, പലസ്തീൻ തത്രീജ് എംബ്രോയ്ഡറി തുടങ്ങിയ രീതികളിൽ വിരിഞ്ഞ വസ്ത്രശേഖരങ്ങളിൽ റാംപിലെത്തും.
പാരമ്പര്യ വിദ്യകളെ അതേപടി ആവർത്തിക്കാതെ ആധുനിക വസ്ത്രരൂപങ്ങളിലേക്കു മാറ്റുകയാണ് വിദ്യാർഥികൾ. പുതുമയുള്ള തുണിത്തരങ്ങളും എംബ്രോയ്ഡറികളും പരിസ്ഥിതിസൗഹൃദ വസ്തുക്കളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ജെഡി എജ്യുക്കേഷണൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി നീലേഷ് ദലാൽ പറഞ്ഞു.
കരകൗശല പാരമ്പര്യത്തെ ആധുനിക ലോകവുമായി ബന്ധിപ്പിക്കുകയാണ് ‘ആർട്ടിസൻ 2.0’യുടെ ലക്ഷ്യമെന്ന് ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കൊച്ചി ഡയറക്ടറും അക്കാദമി ഓഫ് ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് സ്ഥാപക ട്രസ്റ്റിയുമായ സാന്ദ്ര ആഗ്നസ് ഡിസൂസ പറഞ്ഞു.
ആകെ 46 യുവ ഡിസൈനർമാരുടെ ആവിഷ്ക്കാരങ്ങളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. 38 ഫാഷൻ ഡിസൈനർമാർ തങ്ങളുടെ തനത് വസ്ത്രശേഖരങ്ങളുമായി റാംപിലെത്തും. എട്ട് ഇന്റീരിയർ ഡിസൈനർമാർ ആശയാധിഷ്ഠിതമായ ഇന്റീരിയറുകൾ പ്രദർശിപ്പിക്കും.
മികച്ച ഡിസൈനർ, മികച്ച ആശയം, ഏറ്റവും നൂതനമായ ശേഖരം, ജൂറി തിരഞ്ഞെടുപ്പ്, മികച്ച നിർവഹണം തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും.
ജെഡി എജ്യുക്കേഷണൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയായ നീലേഷ് ദലാൽ, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കൊച്ചിയുടെ ഡയറക്ടർ സാന്ദ്ര ആഗ്നസ് ഡി'സൂസ, അക്കാദമി ഓഫ് ഡിസൈൻ ആൻഡ് മാനേജ്മെന്റിന്റെ ട്രസ്റ്റി അനു ആന്റണി, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കൊച്ചിയുടെയും സെന്റർ ഹെഡ് മനീഷ രഘു, ഓപ്പറേഷൻസ് ആൻ്റ് അഡ്മിനിസ്ട്രേഷൻ മാനേജർ രാഹുൽ ജയൻ, ചീഫ് മെൻ്റർ ആൻ്റ് ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റ് സുൾഫി അലി എന്നിവർ പത്രസമ്മേളനത്തിൽ പ പങ്കെടുത്തു.