അരയൻകാവ്: തെരുവ് നായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി നടത്തിയ ഇടപെടൽ സ്വാഗതാർഹമാണെന്ന് മലയാളീസ് സ്വയം സഹായ സംഘം അഭിപ്രായപ്പെട്ടു. മനുഷ്യരുടെ ജീവനും സുരക്ഷയും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും അതിനായി സർക്കാർ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ ഇടപെടലുകൾ നടത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് മാഹിൻ ബാഖവി ആവശ്യപ്പെട്ടു.
മലയാളീസ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളീസ് സ്വയം സഹായ സംഘം പ്രസിഡൻ്റ് സാബു പൂത്തൃക്കയിൽ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണം മനുഷ്യസുരക്ഷയെ മറികടക്കരുതെന്നും തെരുവ് നായ ശല്യം നിയന്ത്രിക്കാൻ ശാസ്ത്രീയവും മാനുഷികവുമായ നടപടികൾ ഉടൻ നടപ്പാക്കണമെന്നും കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വി.യു ജോയ് വെട്ടിക്കാലിൽ പ്രമേയം അവതരിപ്പിച്ചു.
വാക്സിനേഷൻ, ജനനനിയന്ത്രണ പദ്ധതി, തെരുവ് മാലിന്യ നിയന്ത്രണം, ആക്രമണ സ്വഭാവമുള്ള നായകളെ കൊല്ലൽ തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്കകൾ കേൾക്കുകയും നിയമപരമായ ഇടപെടലിലൂടെ പൊതുസുരക്ഷയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്ത സുപ്രീം കോടതിയുടെ നിലപാട് സമൂഹത്തിൽ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മലയാളീസ് യോഗം വ്യക്തമാക്കി. ജനറൽ സെക്രട്ടറി റെജി കാഞ്ഞിരത്തിങ്കൽ, ട്രഷറർ എ. ഷൗക്കത്ത്, നഹാസ് കെ.എച്ച്, സി. ടി. സുകുമാരൻ, ജോർജ് വി.യു, നൗഷാദ് കുന്നംകുളത്തിൽ, സജി എം. കെ, ഹൈദ്രോസ് എ.കെ, നിസാർ കെ. എ , ശ്രീരാജ് മാരാർ എന്നിവർ സംസാരിച്ചു.