കൊച്ചി: ദീർഘകാല കുടൽ രോഗമായ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (ഐ.ബി.ഡി) സംബന്ധിച്ച അവബോധവും രോഗികൾക്ക് ആത്മവിശ്വാസവും പകരുന്നതിനായി ലിസി ആശുപത്രിയിൽ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു.
ലോക ഐ.ബി.ഡി ദിനാചരണത്തിന്റെ ഭാഗമായി ലിസി ആശുപത്രി നടന്ന "ഐ.ബി.ഡി ഇൻസൈറ്റ്" എന്ന പരിപാടിയിൽ 130-ലധികം രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
മലയാള സിനിമ-ടെലിവിഷൻ താരവും അവതാരികയുമായ കുക്കു പരമേശ്വരൻ മുഖ്യാതിഥിയായി. കുടലിൻ്റെ ആരോഗ്യം അനിവാര്യമാണെന്ന് ജീവിതത്തിൽ മനസ്സിലാകാത്തവർ ഉണ്ടാവില്ല. എന്നാൽ അത് നിലനിർത്താൻ ബോധപൂർവ്വമായ ശ്രമവും ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് കുക്കു പരമേശ്വരൻ പറഞ്ഞു.
ലിസി ആശുപത്രി ഡയറക്ടർ ഡോ. പോൾ കരേടൻ അധ്യക്ഷത വഹിച്ചു.രോഗികൾക്കായി ലിസി ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന അത്യാധുനിക ചികിത്സാ സംവിധാനങ്ങളോട് കൂടിയ ഐ.ബി ഡി ക്ലിനിക്, പ്രത്യേക കൗൺസിലിംഗ് സേവനങ്ങൾ, എന്നിവ ഡോ. പോൾ കരേടൻ വിശദീകരിച്ചു.
ലിസി ആശുപത്രി ഡയറക്ടർ ഡോ. പോൾ കരേടൻ, ഗാസ്ട്രോഎൻ്ററോളജി വിഭാഗം മേധാവി ഡോ. മാത്യു ഫിലിപ്പ്, എൻഡോസ്കോപി വിഭാഗം മേധാവി ഡോ. പ്രകാശ് സക്കറിയാസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ, സർജിക്കൽ ഗാസ്ട്രോഎൻ്ററോളജി വിഭാഗങ്ങളിലെ വിദഗ്ധരായ ഡോ. ഹാസിം അഹമ്മദ്, ഡോ. കിരൺ ജോസി, ഡോ. രമ്യ പൈ, ഡോ. അർജുൻ ഗുപ്ത, ഡോ. രാഹുൽ പുൽഭൂട്ട്ല,, ഡോ. റോഷ്നി ഗോപിനാഥ്, ഡോ. ആന്റണി ജോസ്, ഡോ.അഗസ്റ്റീനോ ആന്റണി എന്നിവർ ശാസ്ത്രീയ സെഷനുകൾ നയിക്കുകയും രോഗികളുമായി നേരിട്ട് സംവദിച്ച് സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകി.
രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം, ചികിത്സ, ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് രോഗികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള മാർഗനിർദേശങ്ങൾ ലിസി ഗാസ്ട്രോഎൻ്ററോളജി വിഭാഗം മേധാവി ഡോ. മാത്യു ഫിലിപ്പ് നൽകി. ഇതിനായി ദീർഘകാല പിന്തുണാ പദ്ധതികൾ ആശുപത്രി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“വിട്ടുമാറാത്ത രോഗാവസ്ഥയിൽ താങ്ങാവുക എന്നത് എന്നത് ചികിത്സയുടെ ഭാഗമാണ്. രോഗിയുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക പിന്തുണയും ഏറെ പ്രധാനമാണ്,” ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു.
ഐ.ബി.ഡി രോഗം നേരത്തേ കണ്ടെത്താനും രോഗത്തിന്റെ തീവ്രത വിലയിരുത്താനും ചികിത്സയുടെ ഫലം നിരീക്ഷിക്കാനും എൻഡോസ്കോപി പരിശോധനകൾക്ക് നിർണായക പങ്കുണ്ടെന്ന് എൻഡോസ്കോപി വിഭാഗം മേധാവി ഡോ. പ്രകാശ് സക്കറിയാസ് പറഞ്ഞു
ഐ.ബി.ഡി രോഗനിർണയം, എൻഡോസ്കോപി പരിശോധനകൾ, മരുന്നുകൾ, ശസ്ത്രക്രിയ, പ്രതിരോധ കുത്തിവയ്പ്പുകൾ, ഭക്ഷണക്രമം, വീട്ടിലെ പരിചരണം, കുട്ടികളിലെ ഐ.ബി.ഡി തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്ര സെഷനുകൾ നടന്നു.
നിരവധി രോഗികൾ പ്രശ്നങ്ങൾ തരണം ചെയ്ത തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചതും പ്രചോദനമായി.