കൊച്ചി: കാഴ്ചപരിമിതിയുള്ളവർക്ക് സമൂഹത്തിന്റെ സഹതാപമല്ല വേണ്ടത്, മറിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ ഇൻഫോപാർക്കിൽ സംഘടിപ്പിച്ച വൈറ്റ് കെയ്ൻ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാഴ്ചപരിമിതിയുള്ളവർക്കായി നടപ്പാതകളിൽ ഒരുക്കിയ പ്രത്യേക പാതകളിൽപ്പോലും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഹൈക്കോടതി ഇടപെട്ട് നടപ്പാതകൾ പുനഃസ്ഥാപിച്ചിട്ടും സ്ഥിതിക്ക് മാറ്റമില്ല. കാഴ്ചയുണ്ടെന്ന് അവകാശപ്പെടുന്നവരാണ് നടപ്പാതകളും കാൽനടയാത്രക്കാരുടെ അവകാശങ്ങളും കാണാതെ പോകുന്നത്. കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത നഗരം യഥാർഥത്തിൽ നഗരമേയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന് മുന്നോടിയായി കാഴ്ചപരിമിതർക്കൊപ്പം കണ്ണുകെട്ടി വെള്ളവടിയുടെ സഹായത്തോടെ നടത്തിയ ജാഥയിൽ പങ്കെടുത്ത അനുഭവവും അദ്ദേഹം പങ്കുവെച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ മൂന്നുനാലു മിനിറ്റുകളായിരുന്നു അത്. കാഴ്ചപരിമിതിയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ബസ് ഡ്രൈവർമാരും യാത്രികരുമെല്ലാം ഈ അനുഭവങ്ങളിലൂടെ കടന്നുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരെ മറ്റുള്ളവരെ ഏറെ ആശ്രയിക്കേണ്ട അവസ്ഥയിലാക്കുന്നത് സമൂഹം തന്നെയാണ്. നിസ്സഹായാവസ്ഥ സാമൂഹികമായി സൃഷ്‌ടിച്ച ശേഷം സ്വയംപര്യാപ്തമാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്
മാറേണ്ടത് ഭിന്നശേഷിക്കാരല്ല, സമൂഹമാണ്. എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പൊതുസൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കാഴ്ചപരിമിതിയുള്ളവർക്ക് തൊഴിൽപരിശീലനവും സ്വതന്ത്രജീവിതത്തിനാവശ്യമായ കഴിവുകളും നൽകുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ പ്രോജക്ട് സൂര്യയുടെ പ്രവർത്തനങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു.

20 അടിസ്ഥാന പരിശീലന ബാച്ചുകൾ, 45 ഓൺലൈൻ ബാച്ചുകൾ, ബോധവത്കരണ ശില്പശാലകൾ എന്നിവയിലൂടെ രണ്ടായിരത്തിലധികം കാഴ്ചപരിമിതരിലേക്ക് പദ്ധതിയുടെ സേവനങ്ങൾ എത്തിച്ചതായി പ്രോജക്ട് സൂര്യ സ്ഥാപക ട്രസ്റ്റി റൊട്ടേറിയൻ നോബി ഇ.എ. പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയവരിൽ 80 ശതമാനത്തോളം പേർ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഐ.ടി. പാർക്കുകളിലും സന്നദ്ധസംഘടനകളിലും ജോലി ചെയ്യുന്നുണ്ട്.

തൊഴിൽ ലഭിക്കുന്നതിനൊപ്പം സ്വതന്ത്രമായി യാത്ര ചെയ്യാനും കുടുംബത്തെ പിന്തുണയ്ക്കാനും സ്വന്തം തീരുമാനങ്ങളെടുക്കാനും കഴിയുന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടമെന്ന് നോബി പറഞ്ഞു.

2008-ൽ റൊട്ടേറിയൻ ജോർജ് മാത്യുവിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്കിലെ വിസ്മയ ബിൽഡിങ്ങിൽ ഏഴു വിദ്യാർഥികളുമായാണ് പദ്ധതിക്ക് തുടക്കമായത്. സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ്, ഇൻഫോപാർക്ക്, ബെംഗളൂരുവിലെ എനേബിൾ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയായിരുന്നു തുടക്കം. 2015-ൽ പ്രോജക്ട് സൂര്യ എന്നു പുനർനാമകരണം ചെയ്തു. 2017-ൽ ഒരു ബാച്ചിലെ പരിശീലനശേഷി 15 ആക്കി ഉയർത്തി.

കമ്പ്യൂട്ടർ, സഹായക സാങ്കേതികവിദ്യകൾ, യാത്രാപരിശീലനം, ആശയവിനിമയം, തൊഴിൽ നൈപുണ്യം എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നുണ്ട്. അർഹരായവർക്ക് താമസവും യാത്രാസഹായവും പഠനസാമഗ്രികളും ലഭ്യമാക്കുന്നു. കോവിഡ് കാലത്തും ഓൺലൈൻ പരിശീലനം തുടർന്നു. 2023-ൽ നേരിട്ടും ഓൺലൈനിലുമായുള്ള പരിശീലനം പുനരാരംഭിച്ചു. പദ്ധതിയുടെ വളർച്ചയിൽ മറീന ജോർജ് പ്രധാന പങ്കുവഹിച്ചു. 2023-ൽ കലാ രവിശങ്കർ സെന്റർ ഡയറക്ടറായി ചുമതലയേറ്റു.

പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം വിപുലീകരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഗ്രാമീണ മേഖലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോൺ ടി. ജോൺ പറഞ്ഞു

പ്രോജക്ട് സൂര്യ സ്ഥാപക ട്രസ്റ്റി റൊട്ടേറിയൻ നോബി ഇ.എ; റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോൺ ടി. ജോൺ;
സെക്രട്ടറി ബെന്നി പി.ജെ., ട്രഷറർ ലിജു പി. രാജൻ, കലാ രവിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.