ഡോ. മധുസൂദനക്കുറുപ്പ് പൊക്കാളി കൃഷിയുടെ സംരക്ഷകൻ : നെൽകർഷകർ
കൊച്ചി: പൊക്കാളി വയലുകളിലെ നെൽ കൃഷിയുടെ സംരക്ഷകനെയാണ് ഡോ. ബി. മധുസൂദനക്കുറിപ്പിന്റെ വിയോഗത്തിലുടെ തങ്ങൾക്ക് നഷ്ടമായിരിക്കുന്നതെന്ന് പൊക്കാളി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. കരി നിലങ്ങളിലെ നെൽകൃഷി നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് സർക്കാർ 2011ൽ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ഡോ. കുറുപ്പ് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ചേർത്തല, കൊച്ചി, കണയന്നൂർ, പറവൂർ, കൊടുങ്ങല്ലൂർ താലൂക്കുകളിലായി പടർന്ന് കിടക്കുന്ന പൊക്കാളി വയലുകൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വയലുകളിലെ കാർഷിക കലണ്ടർ ക്രമീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുകൾ വിജ്ഞാപനം ചെയ്യപ്പെടുന്നത്. ഏപ്രിൽ 15 മുതൽ നവംബർ 14 വരെയുള്ള ഏഴ് മാസം വയലുകൾ നെൽകൃഷിക്ക് വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന നിബന്ധന നിലവിൽ വന്നു. പരിസ്ഥിതിക്കും പ്രദേശവാസികൾക്കും പച്ചക്കറി വിളകൾക്കും ശുദ്ധജല സ്രോതസ്സുകൾക്കും ദോഷം വരുത്തുന്ന നിരന്തരമായ മത്സ്യ കൃഷി നിരോധിക്കണമെന്ന് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഡോ. കുറുപ്പിന്റെ വിദഗ്ധസമിതി ശുപാർശ ചെയ്ത് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേരള ഹൈക്കോടതി നിരവധി വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ ശുപാർശകൾ ലംഘിക്കുന്നു എന്ന പരാതിയുമായി തന്നെ സമീപിച്ചിട്ടുള്ള നെൽ കർഷകരെ കുറുപ്പ് ഒരിക്കൽപോലും നിരാശരാക്കിയിട്ടില്ല. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് പി. കെ. ഷംസുദ്ദീൻ, പ്രൊഫ. കെ അരവിന്ദാക്ഷൻ, ഡോ. കെ.ജി. പത്മകുമാർ, ഡോ. വി. ശ്രീകുമാർ, അഡ്വ. സി.ആർ. നീലകണ്ഠൻ ഫ്രാൻസിസ് കളത്തിങ്കൽ, വർഗീസുകുട്ടി മുണ്ടുപറമ്പിൽ, എം. ജി. ശ്രീകുമാർ കമ്മത്ത്, കെ.കെ. അനിൽകുമാർ, സേവിയർ തറയിൽ, സോമൻ ഏഴിക്കര, ചന്തു മഞ്ചാടിപറമ്പിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.