പെരുമ്പാവൂർ: മലബാറിൽ ആലുവായി അബൂബക്കർ മുസ്‌ല്യാർ എന്ന പേരിൽ വിശ്രുതരായ മഹബൂബേ ഇലാഹി മാടവന അബൂബക്കർ മുസ്‌ ല്യാർ അന്ത്യവിശ്രമം കൊള്ളുന്ന മുടിക്കൽ ദർഗശരീഫിലെ 54-ാമത് ഭക്തിനിർഭരമായ ആണ്ട് നേർച്ചയ്ക്ക് ശനിയാഴ്ച വൈകിട്ട് മഗ്രിബ് നമസ്കാരാനന്തരം നടക്കുന്ന മഖാം സിയാറത്തോടെ തുടക്കം കുറിക്കും. അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്‌ല്യാരുടെ മഖാം സിയാറത്ത് നിർവഹിക്കും.
തുടർന്ന് മുടിക്കൽ ജുമാമസ്ജിദ് ചീഫ് ഇമാം ശിഹാബുദ്ദീൻ അസ്ഹരി വാവൂർ നേതൃത്വം നൽകുന്ന
ഖുത്തുബിയത്ത് നടക്കും.
രാജ്യത്തിൻറെ നാനാ ദിക്കുകളിൽ നിന്നുള്ള ആയിരക്കണക്കിന് ഇസ്‌ലാമിക വിശ്വാസികളും യാഥാർഥ്യങ്ങളും സൂഫിവര്യന്മാരും ബഹുജനങ്ങളും പങ്കെടുക്കുന്ന മുടിക്കൽ മാടവന അബൂബക്കർ മുസ്‌ല്യാരുടെ ആണ്ടുനേർച്ചയ്ക്ക് സമാപനം കുറിച്ച് ഞായറാഴ്ച രാവിലെ മുതൽ ഖത്തത്തമുൽ ഖുർആൻ ,ദിക്ർ ഹൽക്ക സ്വലാത്ത് , മൗലൂദ് പാരായണം എന്നിവയ്ക്ക് ഹാഫിള് മുഹമ്മദ് ശരീഫ് ഹാറൂനി അൽ അർഷദി നേതൃത്വം കൊടുക്കും.

തുടർന്ന് രാവിലെ 11 30 ന് ആരംഭിക്കുന്ന കൂട്ട പ്രാർത്ഥനക്ക് പ്രമുഖ സൂഫിവര്യനും ആത്മീയ നേതൃ വര്യനുമായ സയ്യിദ് ആറ്റക്കോയ തങ്ങൾ (കുമ്പോൽ )നേതൃത്വം നൽകും.
തുടർന്ന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മഹാ മഹാ അന്നദാന വിതരണ ഉദ്ഘാടനം മുഹമ്മദ് അലി അൻവരി പൊട്ടച്ചിറ നിർവഹിക്കും.
ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക സൂഫി തീർഥാടന കേന്ദ്രമായ മാടവനമുടിക്കൽ ദർഗ ശരീഫിൽ ആണ്ടുതോറും നടക്കുന്ന ആണ്ട് നേർച്ചയോട് അനുബന്ധിച്ച് നിരവധി ഇസ്‌ലാമിക പ്രബോധന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സവിശേഷ കഴിവുകളുള്ള നിരാലംബരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ചികിത്സ സഹായം തുടങ്ങി കാൽനൂറ്റാണ്ടിലധികമായി നാടിൻറെ നാനാഭാഗത്തുള്ള ഉലമാക്കൾക്കും ഉമറാക്കൾക്കുമുള്ള പ്രത്യേക സഹായങ്ങൾ ഉൾപ്പെടെയുള്ള കരുതൽ എന്നിവ മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാർ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ടെന്ന് നേർച്ച കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.