കളമശേരി: ആരോഗ്യപരിപാലനവും സാമൂഹിക സേവനവും ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്.എഫ് കൊച്ചിൻ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സഹചാരി കെയർ പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി കോളനി അംബേദ്കർ ട്രെയിനിങ് സെന്ററിൽ നടന്ന
ക്യാമ്പ് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ ഉദ്യാനം ചെയ്തു.

ജനറൽ മെഡിസിൻ, ഇ.എൻ.ടി., ത്വക്ക് രോഗവിഭാഗം, നേത്രരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം തുടങ്ങിയ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കി. സൗജന്യ ആരോഗ്യപരിശോധന, ചികിത്സാ നിർദ്ദേശങ്ങൾ, സൗജന്യ മരുന്ന് വിതരണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

ശാരീരികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് വീൽചെയർ, വാട്ടർ ബെഡ്, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള എസ്.കെ.എസ്.എസ്.എഫിന്റെ സഹചാരി കെയർ പദ്ധതിക്കും ചടങ്ങിൽ തുടക്കം കുറിച്ചു.

കളമശേരി നഗരസഭയിലെ മികച്ച കുട്ടിക്കർഷകയായി തിരഞ്ഞെടുക്കപ്പെട്ട തൻഹ ഫാത്തിമയെയും ഈ വർഷം ബി.എ.എം.എസ്. ബിരുദം നേടിയ ഡോ. അബ്ദുൽ ബാസിത് കെ.ജെയെയും ചടങ്ങിൽ ആദരിച്ചു.

എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് നസീം ബാഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാരിസ് കളപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു
. തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ഡി., അബ്ദുൽ ഖാദർ ഹുദവി, നഗരസഭാ കൗൺസിലർമാരായ റസീഫ് അടമ്പയിൽ, സുഹ്റത്ത് മനാഫ്, മുഹ്‌യുദ്ദീൻ പള്ളി പ്രസിഡന്റ് അബ്ദുൽ ഖാദർ കളപ്പുരയ്ക്കൽ, ബക്കർ പുക്കാട്ട്, അലിയാർ കാരുവള്ളി, ജബ്ബാർ പുതുവായിൽ, ഇബ്രാഹിം കുട്ടി, സുബൈർ കാരുവള്ളി
, അബ്ദുല്ല പുക്കാട്ട്, എ.കെ. ബഷീർ, ആസിഫ് കാരുവള്ളി, അനസ് കെ.എ., ആദിൽ പുതുവായിൽ തുടങ്ങിയവർ പ്രസംഗിച്ചു.