കൊച്ചി : ജീവിത സാഹചര്യങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റത്തിനനുസൃതമായി സാധാരണക്കാരുടെ അത്താണിയായ പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ജെബി മേത്തർ എം.പി പറഞ്ഞു. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പാഠ്യപദ്ധതി ഗുണമേന്മയുള്ളതാക്കി പരിഷ്ക്കരിച്ചും സ്കൂളുകളുടെ ഭൗതിക നിലവാരം ഉയർത്തിയും മെച്ചപ്പെട്ട പഠനനിലവാരം ഉറപ്പുവരുത്താൻ എല്ലാവരും മറ്റു താൽപര്യങ്ങൾ മാറ്റിവെച്ച് പ്രയത്നിക്കണമെന്നും അവർ പറഞ്ഞു. കുട്ടികളെ നാളകളിലെ ഉന്നമനത്തിനായി സ്വപ്നം കാണാൻ പഠിപ്പിക്കുകയും അനന്തസാധ്യതകളെ ഉപയോഗപ്പെടുത്താൻ പ്രാപ്തമാക്കാൻ വാദ്യാഭ്യസ സമ്പ്രദായങ്ങൾക്കും വിശിഷ്യ അധ്യപകർക്കും ആത്മവീര്യം നൽകാൻ സമൂഹം തയ്യാറാകണമെന്നും ജെബി മേത്തർ പറഞ്ഞു. മാനേജർ എച്ച് ഇ മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. ഗാന സാമ്രാട്ട് കൊച്ചിൻ മൻസൂർ മുഖ്യതിഥിയായി. സിനി ആർടിസ്റ്റ് നാസർ ലത്തീഫ്, ട്രസ്റ്റ് മെമ്പർമാരായ താഹിർ സേട്ട്, സൽമാൻ ബാബു, പി ടി എ പ്രസിഡൻ്റ് നിഷാഫ് മുഹമ്മദ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എസ് ലാജിദ്, വി എച്ച് എസ് പ്രിൻസിപ്പാൾ ആൽഫിൻ പോൾ കോഞ്ഞാട്ട് , എം പി ടി എ പ്രസിഡൻ്റ് ബുഷറ ഷഫീർ, സ്റ്റാഫ് പ്രതിനിധി അനസ് എൻ എ , പ്രോപ്രാം കൺവീനർ ഷറഫുദ്ദീൻ കെ എം, ജനറൽ കൺവീനർ ടി.യു സാദത്ത് എന്നിവർ സംസാരിച്ചു.

ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു. മാനേജ്മെൻ്റ്, സ്റ്റാഫ് പ്രതിനിധികൾ കുട്ടികളെ വരവേറ്റു. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.