ലക്ഷദ്വീപ്: കവരത്തി ദ്വിപിൽ റോഡരികിലെ തെങ്ങുകൾ ഭൂഉടമകളുടെ അനുവാദമില്ലാതെ മുറിച്ചുനീക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയ നാട്ടുകാരെ ലക്ഷദ്വീപ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തെങ്ങുകൾ മുറിച്ചുമാറ്റുന്നതിനായി പൊലീസ് സന്നാഹത്തോടെയെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വനിതകൾ ഉൾപ്പെടുന്ന എൻ.സി.പി (എസ്.പി) പ്രവർത്തകർ, തെങ്ങുകൾക്ക് ചുറ്റും മനുഷ്യകവചം തീർത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് നീക്കുകയായിരുന്നു.
ലക്ഷദ്വീപിലെ വീതി കുറഞ്ഞ റോഡുകളുടെ അരികിൽ നിൽക്കുന്ന തെങ്ങുകൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മരങ്ങൾ മുറിച്ചുനീക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മഴക്കാലം ആരംഭിച്ചതോടെ അപകടസാധ്യത വർധിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടറുടെ പുതിയ ഉത്തരവുകൾ പ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതെ സമയം ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കൊന്നും തങ്ങൾ എതിരല്ലെന്ന് സമരനേതാവ് അബ്ദു റസാഖ് പറഞ്ഞു. എന്നാൽ ദ്വീപ് നിവാസികളുടെ പരിമിതമായ ഭൂസ്വത്തുകളിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഭൂഉടമകളുടെ അനുമതി തേടുകയോ അർഹമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യാതെ ഭരണകൂടം ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപിന്റെ ഏക ജനപ്രതിനിധിയായ എം.പിയെ പോലും പരിഗണിക്കാതെയുള്ള ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും പ്രതിഷേധമുണ്ടെന്ന് റസാഖ് കൂട്ടി ച്ചേർത്തു. ആദ്യം റോഡ് വികസനത്തിന്റെ പേരിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആരംഭിച്ച നടപടികൾക്ക് നിയമപരമായ തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന്, ഇപ്പോൾ ദുരന്തനിവാരണ സാധ്യതകളുടെ പേരും പറഞ്ഞാണ് ദ്വീപ് ഭരണകൂടം ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതെന്നും റസ്സാഖ് ആരോപിച്ചു. ഭാരവാഹികളായ
ആറ്റക്കോയ കെ., റിയാസ്,
T.P അബ്ദുൽ റസാക്ക് എന്നിവർ പ്രതിഷേധ സമരത്തെ നയിച്ചു.