ഇടുക്കി : പീരുമേട് പുള്ളിക്കാനം-നാരകക്കുഴി-കുട്ടിയാറിന് കുറുകെയുള്ള ചപ്പാത്ത് പാലം കാലവർഷത്തിൽ മുങ്ങിപോകാതിരിക്കാൻ മണ്ണും ചെളിയും നീക്കം ചെയ്തതായി ഡാം സുരക്ഷാ ചുമതലയുള്ള ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചെളിയും മണ്ണും നീക്കം ചെയ്ത് പാലത്തിന് സമീപത്ത് നിന്നും 60 മീറ്റർ അകലേയ്ക്ക് മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. മഴ പെയ്താൽ ഒലിച്ചുപോകാത്ത തരത്തിലാണ് മണൽ നിക്ഷേപിച്ചിരിക്കുന്നത്. ടണലിൽ കൂടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പു വരുത്താൻ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള ചെളിയും മണ്ണും നീക്കം ചെയ്യാൻ റിവർ സർവ്വേയും ടോപ്പോഗ്രാഫിക്കൽ സർവ്വേയും നടത്തുന്നതിന് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും മറ്റും നീക്കം ചെയ്യാനുള്ള നടപടി കെ.എസ്.ഇ.ബി ഡാം സൂരക്ഷാ ചുമതലയുള്ള എഞ്ചിനീയറുടെ ഓഫീസിൽ നിന്നും സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

പ്രസ്തുത വിവരങ്ങൾ ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കൂടി അറിയിക്കണമെന്ന് കമ്മീഷൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

ചപ്പാത്ത് പാലം കാലവർഷത്തിൽ മുങ്ങിപ്പോയാൽ ഏഴുമാസംഇരുകരകളിലുമുള്ള ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാകുമെന്ന് പരാതിക്കാരനായ സജി പി. വർഗീസ് കമ്മീഷനെ അറിയിച്ചു. കുട്ടിയാറിലെ വെള്ളം മൂലമറ്റം പവർഹൌസിൽ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ചെക്ക് ഡാം പണിത് തിരിച്ചുവിടുന്നതാണ് പാലം മുങ്ങിപ്പോകാൻ കാരണമെന്നും പരാതിക്കാരൻ അറിയിച്ചു. 10 അടി വീതിയിൽ പാലം ഉയർത്തി പണിതു നൽകാമെന്ന് 2007 മെയ് 10 ന് പ്രോജക്റ്റ് ഡയറക്ടർ ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ലെന്നും പരാതിക്കാരൻ അറിയിച്ചു. പാലം ഉയർത്തി നിർമ്മിക്കാൻ ബുദ്ധിമുട്ടാണെന്ന് സിറ്റിംഗിൽ ഹാജരായ ഉദ്യോഗസ്ഥൻ അറിയിച്ചു.