കൊച്ചി:
വയലുകളിൽ നിന്നും വെള്ളം ഇനിയും ഒഴിവാക്കാത്തത് കൊണ്ട്
വയലുകൾ ഉഴുതുമറിച്ച് ഒരുക്കുവാൻ സാധിക്കാതെ കർഷകർ വലയുന്ന സാഹചര്യത്തിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്നു് (05/06/26) കൃഷിവകുപ്പ് ഏഴിക്കരയിൽ ക്രമീകരിച്ച വിത്ത് വിതരണ പദ്ധതി അസംബന്ധ നാടകം ആണെന്ന് നെൽ കർഷകർ ആരോപിച്ചു .
ഇടവപ്പാതി ശക്തമായി തുടരുമ്പോൾ പോലും വിത്ത് വിതക്കാൻ ആകാതെ കൊച്ചി കണയന്നൂർ താലൂക്കുകളിലെ കർഷകർ വിഷമിക്കുകയാണ്.
പിഎൽഡിയുടെ ചെയർമാനായ ജില്ലാ കളക്ടർ 09/03/26 ന് വിജ്ഞാപനം ചെയ്ത ഉത്തരവനുസരിച്ച് ജില്ലയിലെ മുഴുവൻ വയലുകളിൽ നിന്നും മേയ് 31ന് മുമ്പെങ്കിലും പൂർണ്ണമായും ഉപ്പുവെള്ളം ഒഴിവാക്കി ഉഴുതുമറിച്ച് വരമ്പുകൾ ബലപ്പെടുത്തി വിത്ത് വിതക്കുവാൻ ഒരുക്കേണ്ടതായിരുന്നു . എന്നാൽ കൊച്ചി കണയന്നൂർ താലൂക്കുകളിലെ വയലുകൾ ഇപ്പോഴും ഉപ്പ് വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. PLDA ഉത്തരവനുസരിച്ച് ഏപ്രിൽ 15 മുതൽ നവംബർ 14 വരെ പൊക്കാളി വയലുകളിൽ നെൽകൃഷി മാത്രമേ നടത്താവ്. ശേഷിക്കുന്ന അഞ്ചുമാസം മാത്രമാണ് മത്സ്യകൃഷി നിയമവിധേയം . കേരള കാർഷിക സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരം വേനൽ ചൂടിൽ വയലുകൾ പൂർണ്ണമായും വരണ്ട ഉണങ്ങിയാൽ മാത്രമേ ഫലപ്രദമായി ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കുവാൻ സാധിക്കുകയുള്ളൂ . പറവൂർ താലൂക്കിൽ നിന്നും വ്യത്യസ്തമായി കൊച്ചി കണയന്നൂർ താലൂക്കുകളിലെ വയലുകൾ പൊതുവേ കടൽ നിരപ്പിന് താഴെയാണ് . അതുകൊണ്ടുതന്നെ കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ( മോട്ടോറുകളും പെട്ടിയും പറയും) വയലുകളിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു കളയേണ്ടതുണ്ട്. എന്നാൽ കൃഷിവകുപ്പ് ഇന്ന് (05/06/26) പറവൂർ താലൂക്കിലെ ഏഴിക്കര പഞ്ചായത്തിൽ ജില്ലാ കളക്ടറെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വിത്ത് വിതരണ നാടകം അരങ്ങേറിയ പ്രദേശത്ത് പെരിയാറിൽ അനുഭവപ്പെടുന്ന വലിയ ഇറക്കത്തിൽ (low tide) വയലുകളിൽ നിന്ന് സ്വാഭാവികമായും ജലം ഒഴിഞ്ഞുപോകും . പറവൂർ താലൂക്കിലെ വയലുകളിൽ വേലിയിറക്കം ഉപയോഗപ്പെടുത്തി ജലനിരപ്പ് ക്രമീകരിക്കാനാവും . എന്നാൽ പടിഞ്ഞാറൻ കൊച്ചിയിൽ ഇത് സാധ്യമല്ല . ഏപ്രിൽ മാസത്തിൽ തന്നെ വെള്ളം ഒഴിവാക്കി തരുവാൻ കൃഷിവകുപ്പ് സാഹചര്യമുണ്ടാക്കണം എന്ന നിരവധി തവണ കർഷകർ പരാതിപ്പെട്ടതാണ് . തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ മറവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാതൊന്നും ചെയ്തില്ല . ഈ വർഷവും ചെല്ലാനം, കുമ്പളങ്ങി , കുമ്പളം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കൃഷി മുടങ്ങാനാണ് സാധ്യത . കെട്ട് താലി വരെ പണയപ്പെടുത്തിയാണ് പല കർഷകരും വയലുകൾ ഒരുക്കുവാൻ ശ്രമിക്കുന്നത് . സർക്കാരിൻ്റെ ഒരു നെൽ ഒരു മീൻ നയം അനുവർത്തിക്കുവാൻ ശ്രമിക്കുന്ന കർഷകർക്ക് കടബാധ്യത മാത്രമാണ് ബാക്കി . ഇനി ഈ വർഷം കാർഷിക സർവകലാശാലയുടെ നിബന്ധനകൾ പാലിച്ച് നിലം ഉണക്കി ഉഴുതുമറിച്ച് കൃഷി ഇറക്കുവാൻ സാധിക്കില്ല എന്ന് ഉറപ്പായി . വയലുകൾ ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയില്ലെങ്കിൽ നെൽകൃഷി പരാജയപ്പെടും . വിളവ് ലഭിക്കില്ല. മുടക്ക് മുതൽ പോലും തിരിച്ചു ലഭിക്കില്ല. ഈ പശ്ചാത്തലത്തിൽ കർഷകർ നേരിടുന്ന സാമ്പത്തിക നഷ്ടം ആരു വഹിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കർഷകരായ ഏഴിക്കര സോമൻ, ഫിലോമിന ബേബി ജോസഫ്, ഷെർലി ജെയിംസ് കുരിശിങ്കൽ, സേവിയർ തറയിൽ, ലില്ലി ജോസഫ് , ഫ്രാൻസിസ് കളത്തിങ്കൽ , ജാഗ്ലീ കേ.സി തുടങ്ങിയവർ ആവശ്യപ്പെട്ടു.